ഓട്ടവ: ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയില്‍ അതിവേഗം പടരുന്ന കാട്ടുതീയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒകനാഗന് തടാകത്തിന് (Okanagan Lake) സമീപമുള്ള ജനവാസ മേഖലകളില്‍ നിന്ന് ഇരുപതിനായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വന്‍തോതിലുള്ള നാശനഷ്ടങ്ങളും വീടുകള്‍ തകര്‍ന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തീക്ഷ്ണമായ ചൂടും വരള്‍ച്ചയും ശക്തമായ കാറ്റും കാരണം പ്രവിശ്യയിലുടനീളം നൂറിലധികം സ്ഥലങ്ങളിലാണ് തീ പടര്‍ന്നുപിടിക്കുന്നത്. ഇതില്‍ പകുതിയോളം കാട്ടുതീ പൂര്‍ണ്ണമായും നിയന്ത്രണാതീതമാണെന്ന് പ്രീമിയര്‍ ഡേവിഡ് ഇബി അറിയിച്ചു. ‘ബാള്‍ഡ് റേഞ്ച്’ (Bald Range) എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ 100 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്തേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. പന്ത്രണ്ടായിരത്തോളം ജനസംഖ്യയുള്ള സമ്മര്‍ലാന്‍ഡ് (Summerland), സമീപപ്രദേശമായ പീച്ച്ലാന്റ് (Peachland) എന്നിവിടങ്ങളില്‍ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചുപോകാന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.

റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ അമ്പതിലധികം പേരെ വ്യോമസേനയുടെയും രക്ഷാസേനയുടെയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. ദുരന്തത്തില്‍ ഒരാള്‍ മരണപ്പെട്ടതായി സംശയമുള്ളതിനാല്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായി പ്രവിശ്യാ ഭരണകൂടം കൂടുതല്‍ അടിയന്തര അധികാരങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
