ടൊറന്റോ: ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ് മാസത്തിന് ശേഷം പങ്കാളി അറസ്റ്റില്‍. മുപ്പതുകാരിയായ ഹിമാന്‍ഷി ഖുറാനയെ കൊലപ്പെടുത്തിയ കേസിലാണ് മുപ്പത്തിരണ്ടുകാരനായ അബ്ദുല്‍ ഗഫൂരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡിഗ്രി കൊലപാതകമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ ഇരുപതിനാണ് ടൊറന്റോയിലെ ഒരു വസതിയില്‍ ഹിമാന്‍ഷിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അടുത്ത ബന്ധത്തിലുള്ള വ്യക്തി നടത്തിയ അതിക്രമം സംശയിക്കുന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ ഹിമാന്‍ഷിയും ഗഫൂരിയും പങ്കാളികളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തിന് പിന്നാലെ ഗഫൂരിക്കെതിരെ രാജ്യവ്യാപക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി ടൊറന്റോ പൊലീസിന്റെ ഫ്യൂജിറ്റീവ് സ്‌ക്വാഡും ഹോമിസൈഡ് യൂണിറ്റും ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ച് അന്വേഷണം നടത്തി.
ഒടുവില്‍ വെള്ളിയാഴ്ച ടൊറന്റോയിലെ വിമാനത്താവളത്തില്‍വെച്ചാണ് ഗഫൂരിയെ പൊലീസ് പിടികൂടിയത്. അറസ്റ്റിന് മുമ്പ് ഇയാള്‍ ഏത് രാജ്യത്തായിരുന്നു എന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
2025 ഡിസംബര്‍ 19ന് രാത്രി 10.41ഓടെയാണ് ഹിമാന്‍ഷിയെ കാണാതായെന്ന വിവരം പൊലീസിന് ലഭിച്ചത്. സ്ട്രാച്ചന്‍ അവന്യൂ-വെല്ലിങ്ടണ്‍ സ്ട്രീറ്റ് വെസ്റ്റ് മേഖലയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അടുത്ത ദിവസം രാവിലെ 6.30ഓടെ അതേ പ്രദേശത്തെ വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഹിമാന്‍ഷിയുടെ മരണത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും നേരത്തെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക അധികൃതരുമായി സഹകരിച്ച് നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.
