വാഷിങ്ടന്‍: ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ഉണ്ടായ വന്‍ കുറവ് പരിഹരിക്കാന്‍ യുഎസ്. ആയുധ ഉല്‍പാദനം അടിയന്തരമായി വര്‍ധിപ്പിക്കാന്‍ പ്രതിരോധ കമ്പനികള്‍ക്ക് പെന്റഗണിന്റെ കര്‍ശന നിര്‍ദേശം. വാഷിങ്ടന്‍ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഡപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി സ്റ്റീവ് ഫെയിന്‍ബെര്‍ഗ് പ്രതിരോധ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് കത്തയച്ചു. ആയുധ വിതരണവും ഉല്‍പാദനവും ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികള്‍ 21 ദിവസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. വര്‍ഷങ്ങള്‍ നീളുന്ന വികസന പ്രക്രിയകള്‍ ഇനി അനുവദിക്കാനാകില്ലെന്നും നമ്മള്‍ ആയുധ ഉല്‍പാദന ശേഷി ഉടനടി വിപുലീകരിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.
സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ പഠനപ്രകാരം യുഎസിന്റെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിനു മുന്‍പ് 2,330 എണ്ണമുണ്ടായിരുന്ന പേട്രിയറ്റ് മിസൈല്‍ വേധ സംവിധാനം ഏപ്രിലിലെ വെടിനിര്‍ത്തല്‍ സമയത്ത് 1,030 ആയി കുറഞ്ഞു. നിലവില്‍ ഇത് 759 നും 827 നും ഇടയിലേക്ക് (ഏകദേശം 65 ശതമാനം കുറവ്) ചുരുങ്ങി. യുദ്ധത്തിനു മുന്‍പ് 452 എണ്ണമുണ്ടായിരുന്ന താഡ് പ്രതിരോധ സംവിധാനം നിലവില്‍ 234 നും 278 നും ഇടയിലേക്ക് (ഏകദേശം 38 ശതമാനം കുറവ്) കുറഞ്ഞു.
മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് കാരണം ശത്രുക്കളുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കുമെതിരെ യുഎസിന്റെ പ്രതിരോധശക്തി ക്ഷയിച്ചിട്ടുണ്ട്. ഇത് അമേരിക്കന്‍ സൈനികരുടെ സുരക്ഷയെ കൂടുതല്‍ അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ പറഞ്ഞു. പുതിയ നിര്‍ദേശങ്ങള്‍ വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആയുധക്ഷാമം ഉണ്ടെന്ന വാര്‍ത്തകളെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. അമേരിക്കയുടെ പക്കല്‍ വന്‍തോതില്‍ ആയുധങ്ങളുണ്ടെന്നും, ആവശ്യാനുസരണം അവ നിര്‍മിക്കുന്നുണ്ടെന്നുമാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചത്. പ്രതിരോധ ബജറ്റ് കഴിഞ്ഞ വര്‍ഷത്തെ 900 ബില്യണ്‍ ഡോളറില്‍ നിന്ന് 1.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇറാനെതിരെയുള്ള ട്രംപിന്റെ സൈനിക നടപടികളില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ് (അമേരിക്കന്‍ പാര്‍ലമെന്റ്) ഈ പ്രതിരോധ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്.
