തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ സമരം നടത്തിയ സ്ത്രീകളെ അധിക്ഷേപിക്കുകയും വെടിവെച്ചുകൊല്ലുമെന്ന തരത്തിൽ പരാമർശം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം എസിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുമ്പോൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
മോഹൻദാസിനെതിരെ കലാപാഹ്വാനം ഉൾപ്പെടെ നാല് കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. സ്ത്രീകളുടെ മാന്യതയെ ഹനിക്കുകയും പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ജാമ്യം ലഭിച്ചാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

വിദ്വേഷ പരാമർശത്തിൽ കേസെടുത്ത് 11-ാം ദിവസമാണ് മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ തിരുവനന്തപുരം സൈബർ പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
ജന്തർമന്തറിൽ സമരം നടത്തിയവരെ താനായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നുവെന്നും സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ള പരാമർശങ്ങളാണ് മോഹൻദാസ് സാമൂഹികമാധ്യമത്തിലൂടെ നടത്തിയത്. ജൂലൈ 29നാണ് സംഭവത്തിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.കടുത്ത വിദ്വേഷ പരാമർശം നടത്തിയിട്ടും മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ നേരത്തെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
