Monday, August 10, 2026

‘വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാനാകുന്നില്ല’; സഡ്ബറിയിൽ പാറ്റശല്യത്തിൽ ദുരിതത്തിലായി കുടുംബം

ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിലെ സഡ്ബറിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വർഷങ്ങളായി തുടരുന്ന പാറ്റശല്യത്തിൽ ദുരിതത്തിലായി താമസക്കാരി. പ്രശ്നം പരിഹരിക്കാൻ കെട്ടിടം മുഴുവൻ കീടനാശിനി പ്രയോഗിച്ച് ശുചീകരിക്കണമെന്ന ആവശ്യവുമായി മിറാൻഡ തോൺടൺ അയൽവാസികളിൽ നിന്ന് ഒപ്പുശേഖരണം നടത്തി.

2020ൽ അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയതുമുതൽ പാറ്റശല്യം നേരിടുന്നുണ്ടെന്നാണ് തോൺടൺ പറയുന്നത്. അടുക്കളയിലെ ഫ്രിഡ്ജിന് പിന്നിൽ നിന്ന് നൂറുകണക്കിന് പാറ്റകളെ കണ്ടെത്തിയതായും അവർ പറയുന്നു. കെട്ടിട ഉടമ വർഷംതോറും തന്റെ അപ്പാർട്ട്മെന്റിൽ കീടനിയന്ത്രണ നടപടികൾ നടത്തിയിട്ടും പ്രശ്നം തുടരുകയാണെന്നും അവർ വ്യക്തമാക്കി.

സ്ഥിതി രൂക്ഷമായതോടെ താനും കൗമാരക്കാരനായ മകനും പലപ്പോഴും വീടിന് പുറത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് തോൺടൺ പറഞ്ഞു. പാറ്റകൾ കിടക്കയിലേക്ക് എത്താതിരിക്കാൻ മകൻ കിടക്കയിൽ കൊതുകുവല ഉപയോഗിക്കുന്നതായും അവർ വ്യക്തമാക്കി.

അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന നിരവധി സ്റ്റിക്കി ട്രാപ്പുകളിൽ ദിവസേന നിരവധി പാറ്റകൾ കുടുങ്ങുന്നതായും തോൺടൺ പറഞ്ഞു. കീടശല്യം മാനസികമായി വലിയ സമ്മർദമുണ്ടാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.ഒന്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാമിനെ (ODSP) ആശ്രയിക്കുന്നതിനാൽ മറ്റൊരു വീട് കണ്ടെത്തി മാറാൻ സാമ്പത്തികമായി കഴിയില്ലെന്നും തോൺടൺ പറഞ്ഞു.

അതേസമയം, അപ്പാർട്ട്മെന്റിനുള്ളിലെ സാധനങ്ങളും പെട്ടികളും കൂടുതലായതിനാൽ കീടനിയന്ത്രണ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നുവെന്ന് കെട്ടിടത്തിന്റെ പ്രോപ്പർട്ടി മാനേജർ ചൂണ്ടിക്കാട്ടി. എന്നാൽ അടുക്കളയിലെ സാധനങ്ങൾ നീക്കി ബോക്സുകളിലും ടോട്ടുകളിലുമായി സൂക്ഷിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും തന്റെ കുടുംബ പാരമ്പര്യ വസ്തുക്കൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത് അന്യായമാണെന്നും തോൺടൺ പ്രതികരിച്ചു.

താമസക്കാരുടെ പരാതിയെ തുടർന്ന് ഓഗസ്റ്റ് ആറിന് ഒപ്പിട്ടവരുടെ അപ്പാർട്ട്മെന്റുകളിൽ കീടനിയന്ത്രണ പരിശോധന നടത്താൻ കെട്ടിട ഉടമ നടപടി സ്വീകരിച്ചതായി മറ്റൊരു താമസക്കാരിയായ ജോവാൻ മൾകാഹി പറഞ്ഞു.

പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ ഒന്റാരിയോ ലാൻഡ്‌ലോർഡ് ആൻഡ് ടെനന്റ് ബോർഡിൽ (LTB) പരാതി നൽകുന്നതാണ് താമസക്കാർക്ക് ഏറ്റവും അനുയോജ്യമായ നടപടിയെന്ന് സഡ്ബറി കമ്മ്യൂണിറ്റി ലീഗൽ ക്ലിനിക്കിലെ അഭിഭാഷക സോയ് സെന്റ് പിയർ പറഞ്ഞു. എന്നാൽ ഇത്തരം അപേക്ഷകൾ പരിഗണിക്കാൻ ഒരു വർഷമോ അതിലധികമോ സമയം എടുത്തേക്കാമെന്നും അവർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!