Monday, August 10, 2026

വിമാനത്താവളത്തിൽ കൺട്രോളർമാർ വേണ്ട; റിമോട്ട് സംവിധാനവുമായി കാനഡ

ഓട്ടവ: വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളർമാർ മറ്റൊരു നഗരത്തിൽ ഇരുന്ന് വിമാനഗതാഗതം നിയന്ത്രിക്കുന്ന പുതിയ സംവിധാനത്തിലേക്ക് കാനഡ. ഒന്റാരിയോയിലെ കിങ്സ്റ്റണിൽ കാനഡയിലെ ആദ്യത്തെ ഡിജിറ്റൽ എയറോഡ്രോം എയർ ട്രാഫിക് കൺട്രോൾ ടവർ പ്രവർത്തനസജ്ജമായി.

പരമ്പരാഗത കൺട്രോൾ ടവറുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കൺട്രോളർമാർ വിമാനത്താവളത്തിൽ നേരിട്ട് ഇരിക്കേണ്ടതില്ല. ടവറിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെയും സെൻസറുകളിലൂടെയും ലഭിക്കുന്ന ദൃശ്യങ്ങൾ കിങ്സ്റ്റണിലെ റിമോട്ട് കൺട്രോൾ സെന്ററിലെ വലിയ സ്ക്രീനുകളിൽ നിരീക്ഷിച്ചാണ് വിമാനഗതാഗതം നിയന്ത്രിക്കുക.

ടവറിന് മുകളിൽ 360 ഡിഗ്രിയിൽ കറങ്ങുന്ന ക്യാമറയും വിവിധ ദിശകളിലേക്ക് പാൻ, ടിൽറ്റ്, സൂം ചെയ്യാൻ കഴിയുന്ന ക്യാമറകളുമുണ്ട്. രാത്രിയിലും മോശം കാലാവസ്ഥയിലും കൂടുതൽ വ്യക്തമായി നിരീക്ഷിക്കാൻ ഇൻഫ്രാറെഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിമാനങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ, റൺവേയിലേക്കുള്ള തടസ്സങ്ങൾ എന്നിവ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും.

കിങ്സ്റ്റണിന് പിന്നാലെ ഹാമിൽട്ടണിലും സമാനമായ ഡിജിറ്റൽ ടവർ സ്ഥാപിക്കാനാണ് പദ്ധതി. ഭാവിയിൽ കിഴക്കൻ ഒന്റാരിയോയിലുള്ള ഒരൊറ്റ കേന്ദ്രത്തിൽനിന്ന് 10 മുതൽ 15 വരെ വിമാനത്താവളങ്ങളിലെ വിമാനഗതാഗതം നിയന്ത്രിക്കാനാകുമെന്നാണ് നാവ് കാനഡയുടെ കണക്കുകൂട്ടൽ.

എയർ ട്രാഫിക് കൺട്രോളർമാരുടെ ആഗോള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി നാവ് കാനഡ മുന്നോട്ട് പോകുന്നത്. നിലവിൽ ഏകദേശം 200 കൺട്രോളർമാരുടെ കുറവുണ്ടെങ്കിലും പരിശീലനം ശക്തമാക്കി ഈ കുറവ് നികത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, പുതിയ സംവിധാനത്തെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ സംഘടനയായ കനേഡിയൻ എയർ ട്രാഫിക് കൺട്രോൾ അസോസിയേഷൻ (CATCA) ആശങ്ക പ്രകടിപ്പിച്ചു. സാങ്കേതികവിദ്യ പരമ്പരാഗത സംവിധാനത്തിന് തുല്യമായ സേവനം നൽകാമെങ്കിലും സുരക്ഷ മെച്ചപ്പെടുത്തുമെന്ന് ഉറപ്പില്ലെന്നാണ് യൂണിയന്റെ നിലപാട്.

സാങ്കേതികവിദ്യ തകരാറിലായാൽ എന്ത് സംഭവിക്കുമെന്നതടക്കമുള്ള ആശങ്കകളും യൂണിയൻ ഉന്നയിക്കുന്നുണ്ട്. കൺട്രോളർമാർക്ക് ചുറ്റുപാടുകൾ നേരിട്ട് കാണാനും കേൾക്കാനും കഴിയുന്നത് ജോലിയുടെ ഭാഗമാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.

അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ മനുഷ്യ കൺട്രോളർമാരെ മാറ്റിസ്ഥാപിക്കില്ലെന്ന് നാവ് കാനഡയും പദ്ധതിയുമായി ബന്ധപ്പെട്ടവരും വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ബാക്കപ്പ് സംവിധാനങ്ങളും അധിക ക്യാമറകളും ഒരുക്കിയിട്ടുണ്ട്.

നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള സംവിധാനത്തിൽ സുരക്ഷാ പരിശോധനകൾ തുടരും. ഈ വർഷം ശരത്കാലം മുതൽ റിമോട്ട് സ്റ്റേഷനുകളിൽ ഒരു വർഷത്തേക്ക് കൺട്രോളർമാരുടെ പ്രത്യേക സംഘം സംവിധാനം നിരീക്ഷിക്കും. സുരക്ഷയും നിയന്ത്രണാനുമതികളും ഉറപ്പാക്കിയ ശേഷമായിരിക്കും ഹാമിൽട്ടണിലേക്കുള്ള മാറ്റം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!