ഓട്ടവ: ഒട്ടാവയിലെ കനേഡിയന്‍ ഫുഡ് ഇന്സ്പെക്ഷന് ഏജന്‍സിയുടെ (CFIA) ലബോറട്ടറി കാമ്പസില്‍ അത്യാധുനിക ഗവേഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 76.86 മില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ($768.6 million) നിര്‍മ്മാണ കരാര്‍ നല്കി ഫെഡറല്‍ സര്‍ക്കാര്‍. ‘പിസിഎല്‍ കണ്‍സ്ട്രക്ഷന്‍ കാനഡ’യ്ക്കാണ് (PCL Construction Canada Inc.) നിര്‍മ്മാണച്ചുമതല. ‘റെഗുലേറ്ററി ആന്‍ഡ് സെക്യൂരിറ്റി സയന്‍സ് മെയിന്‍’ (RSS Main) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, നാറ്റോയുടെ (NATO) പ്രതിരോധ നിക്ഷേപ ചട്ടക്കൂടിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാനഡയുടെ നാറ്റോ സുരക്ഷാ ചെലവുകളിലേക്ക് ഏകദേശം 90 മില്യണ്‍ ഡോളറിന്റെ സംഭാവന നല്കാന് ഈ പദ്ധതിക്ക് സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൊതുമരാമത്ത്, സംഭരണ മന്ത്രി ജോയല്‍ ലൈറ്റ്ബൗണ്ടിന് വേണ്ടി പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റിയാണ് കരാര്‍ പ്രഖ്യാപനം നടത്തിയത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ CFIA, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA), ഹെല്‍ത്ത് കാനഡ, പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള 275-ഓളം ശാസ്ത്രജ്ഞരും ഗവേഷകരും ഇവിടെ ഒന്നിച്ച് പ്രവര്‍ത്തിക്കും.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍, അതിര്‍ത്തി സുരക്ഷ ശക്തമാക്കല്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ പുരോഗതി കൊണ്ടുവരാന്‍ ഈ സയന്‍സ് കാമ്പസിന് സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പദ്ധതി 2031-ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
