കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച് ആലുവ സൈബർ റൂറൽ പൊലീസ് നോട്ടീസ് നൽകി.
നേരത്തെ നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. കേസിലെ വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാമെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഹർജി തീർപ്പാക്കിയത്. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും നിഹാദ് ഹാജരായിരുന്നില്ല.

ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച ശേഷം നിഹാദ് ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ചതായി ആരോപിക്കപ്പെടുന്ന യൂട്യൂബ് ചാനൽ നേരത്തെ നീക്കം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നിഹാദിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
