ഓട്ടവ: പൗരത്വ നിയമഭേദഗതിയായ ബിൽ C-3 നടപ്പാക്കിയതിന് പിന്നാലെ പൗരത്വം അനുവദിച്ചവരോട് സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും തിരിച്ചുനൽകാൻ ആവശ്യപ്പെട്ട കാനഡ ഇമിഗ്രേഷൻ വകുപ്പിന്റെ നടപടി വിവാദത്തിൽ. പാരമ്പര്യമായി പൗരത്വം ലഭിക്കുന്നതിനുള്ള നിബന്ധനകൾ ലളിതമാക്കിയ നിയമഭേദഗതിക്ക് പിന്നാലെ നൂറോളം പേരുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്.
പൗരത്വ സർട്ടിഫിക്കറ്റുകൾക്ക് പുറമെ ഇതിനകം ലഭിച്ച പാസ്പോർട്ടുകളും തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടത് യാത്രയിലായിരുന്ന പലരെയും പ്രതിസന്ധിയിലാക്കി. യൂറോപ്പിൽ ഉൾപ്പെടെ വിദേശയാത്ര നടത്തിയിരുന്ന ചില അപേക്ഷകർക്ക് പെട്ടെന്നുണ്ടായ നടപടി വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായാണ് വിവരം.
പഴയ രേഖകളുടെ പരിശോധനയിൽ പിഴവെന്ന് IRCC
മാർഗനിർദേശങ്ങളിലെ വ്യക്തതക്കുറവും അപേക്ഷകർ സമർപ്പിച്ച ചരിത്രരേഖകളുടെ പരിശോധനയിലെ പിഴവുമാണ് സംഭവത്തിന് കാരണമായതെന്ന് IRCC പിന്നീട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 1800-കളിലെ സെൻസസ് രേഖകൾ, മാമോദീസ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പലരും കനേഡിയൻ വംശപരമ്പര തെളിയിച്ച് പൗരത്വത്തിന് അപേക്ഷിച്ചത്.
എന്നാൽ ഇത്തരം പഴയ രേഖകൾ പരിശോധിച്ച് അംഗീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ലഭ്യമല്ലായിരുന്നുവെന്ന് ഇമിഗ്രേഷൻ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു.
6,500 അപേക്ഷകൾ വീണ്ടും പരിശോധിച്ചു
വിവാദം ശക്തമായതിനെ തുടർന്ന് IRCC ഏകദേശം 6,500 അപേക്ഷകൾ വീണ്ടും പരിശോധിച്ചതായാണ് വിവരം. ഇതിൽ തടഞ്ഞുവെച്ചിരുന്ന 33 പൗരത്വ സർട്ടിഫിക്കറ്റുകൾ പുനഃസ്ഥാപിച്ച് നൽകിയതായും റിപ്പോർട്ടുകളുണ്ട്.എന്നാൽ പൗരത്വം അനുവദിച്ച ശേഷം രേഖകൾ തിരിച്ചെടുക്കാനുള്ള നടപടി കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പാർലമെന്റിലും വിഷയം ചർച്ചയായി
വിഷയം പാർലമെന്റിലും രാഷ്ട്രീയതലത്തിലും ചർച്ചയായതോടെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയാബ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും അന്വേഷണം നടത്തി ആവശ്യമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളിലാണ് പ്രധാനമായും ഇത്തരം പിഴവുകൾ സംഭവിച്ചതെന്നാണ് വിവരം.
നിയമഭേദഗതിക്ക് പിന്നാലെ ആശയക്കുഴപ്പം
ഒന്നാം തലമുറയ്ക്ക് ശേഷം വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് കനേഡിയൻ പൗരത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയാണ് ബിൽ C-3 കൊണ്ടുവന്നത്. കോടതി വിധിക്ക് പിന്നാലെ 2025 ഡിസംബർ 15ന് നിയമഭേദഗതി പ്രാബല്യത്തിൽ വന്നു.
പൂർവികരുടെ കനേഡിയൻ ബന്ധം തെളിയിക്കുന്നതിലൂടെ വിദേശത്ത് ജനിച്ചവർക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരം ഇതോടെ വിപുലമായി. എന്നാൽ പുതിയ നിയമം വേഗത്തിൽ നടപ്പാക്കിയതും ഉദ്യോഗസ്ഥർക്ക് ആവശ്യമായ വ്യക്തമായ മാർഗനിർദേശങ്ങൾ ലഭ്യമാകാതിരുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിമർശനം.
