Thursday, August 13, 2026

കാനഡയിൽ E-സ്കൂട്ടർ അപകടങ്ങൾ കുതിച്ചുയരുന്നു; കുട്ടികളിലും കൗമാരക്കാരിലും ഗുരുതര പരുക്കുകൾ വർധിക്കുന്നു

ടൊറന്റോ: കാനഡയിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗം വർധിക്കുന്നതിനൊപ്പം കുട്ടികളിലും കൗമാരക്കാരിലും ഗുരുതരമായ അപകടങ്ങളും കുത്തനെ ഉയരുന്നതായി ശിശുരോഗ വിദഗ്ധരുടെ മുന്നറിയിപ്പ്. ചെറിയ പരുക്കുകൾ മുതൽ മസ്തിഷ്ക ക്ഷതവും മരണവും വരെ ഉൾപ്പെടുന്ന അപകടങ്ങളിൽ വൻ വർധനയാണ് ആശുപത്രികളിൽ രേഖപ്പെടുത്തുന്നതെന്ന് വിദഗ്ധർ പറയുന്നു.

ടൊറന്റോയിലെ SickKids ആശുപത്രിയിൽ ഇ-സ്കൂട്ടർ അപകടത്തെ തുടർന്നുള്ള പരുക്കുകളുടെ എണ്ണം 2023ലെ 26ൽ നിന്ന് 2024ൽ 46 ആയും 2025ൽ 107 ആയും ഉയർന്നതായി ശിശുരോഗ വിദഗ്ധനും കനേഡിയൻ പീഡിയാട്രിക് സൊസൈറ്റിയുടെ (CPS) ഇൻജുറി പ്രിവൻഷൻ കമ്മിറ്റി ചെയർമാനുമായ ഡോ. ഡാനിയൽ റോസൻഫീൽഡ് വ്യക്തമാക്കി. ഈ വർഷം കേസുകളുടെ എണ്ണം ഇതിലും ഉയരുമെന്നാണ് വിലയിരുത്തൽ.

കാനഡയിലെ ശിശുരോഗ വിദഗ്ധരിൽ CPS നടത്തിയ സർവേയും അപകടങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു. 2025 അവസാനവും 2026 ആദ്യവും നടത്തിയ സർവേയിൽ കഴിഞ്ഞ 12 മാസത്തിനിടെ ഇ-സ്കൂട്ടർ അപകടങ്ങളുമായി ബന്ധപ്പെട്ട് 10 മരണങ്ങളും 12 ICU കേസുകളും രണ്ട് ദിവസത്തിലധികം ആശുപത്രിയിൽ അഡ്മിറ്റായ 26 കേസുകളും റിപ്പോർട്ട് ചെയ്തു. അപകടങ്ങളിൽ പരുക്കേറ്റവരിൽ പകുതിയോളം പേർക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു.

ഗുരുതരമായ കേസുകളിൽ കൂടുതലും 10നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണെന്നും വിദഗ്ധർ പറയുന്നു. അപകടങ്ങളിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും ഇത് തലയ്ക്കുള്ള പരുക്കുകളുടെ തീവ്രത വർധിപ്പിക്കുന്നതായി വിലയിരുത്തലുണ്ട്.

ഇത്തരം സംഭവങ്ങൾ കാനഡയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും വർധിക്കുന്നുണ്ട്. ബ്രിട്ടനിലെ ലിവർപൂൾ, മാഞ്ചസ്റ്റർ, ഷെഫീൽഡ് എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളിലെ കണക്കുകൾ പരിശോധിച്ച പഠനത്തിൽ ഇ-സ്കൂട്ടർ അപകട കേസുകൾ 2019ൽ പത്തിൽ താഴെയായിരുന്നത് 2024ൽ ഏകദേശം 150 ആയി ഉയർന്നതായി കണ്ടെത്തി. പരുക്കേറ്റവരിൽ രണ്ട് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഹെൽമെറ്റ് ധരിച്ചിരുന്നത്.

69 കിലോമീറ്റർ വേഗതയിൽ അപകടം

ഇ-സ്കൂട്ടർ അപകടത്തിന്റെ ഗുരുതര പ്രത്യാഘാതം വ്യക്തമാക്കുന്നതാണ് ലണ്ടൻ, ഒന്റാരിയോ സ്വദേശിയായ 12കാരൻ ഷോൺ ഡങ്ക്ലിയുടെ അനുഭവം. ഹെൽമെറ്റ് ധരിക്കാതെ കുടുംബസുഹൃത്തിന്റെ ഇ-സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ റോഡിലേക്ക് ഓടിയെത്തിയ റാക്കൂണിൽ ഇടിക്കുകയായിരുന്നു. ഏകദേശം മണിക്കൂറിൽ 69 കിലോമീറ്റർ വേഗതയിലായിരുന്നു സ്കൂട്ടറെന്ന് ഷോൺ കരുതുന്നതായി മാതാവ് ക്രിസ്റ്റൽ ഡങ്ക്ലി പറഞ്ഞു.

തലയോട്ടിക്ക് പൊട്ടലും മസ്തിഷ്കത്തിൽ രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് ഷോണിനെ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയിലധികം കോമയിലായിരുന്ന കുട്ടി 34 ദിവസത്തിന് ശേഷമാണ് ആശുപത്രി വിട്ടത്. പിന്നീട് പൂർണമായി സുഖം പ്രാപിച്ച ഷോൺ ഇപ്പോൾ ഇ-സ്കൂട്ടർ യാത്രക്കാരോട് ഹെൽമെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് അമ്മ പറഞ്ഞു.

കളിപ്പാട്ടമല്ല, അതിവേഗ വാഹനങ്ങൾ

ഇ-സ്കൂട്ടറുകൾ പലപ്പോഴും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ പോലെയാണ് വിപണനം ചെയ്യപ്പെടുന്നതെങ്കിലും അവ അതല്ലെന്ന് ഡോ. റോസൻഫീൽഡ് ചൂണ്ടിക്കാട്ടി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഉപകരണങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് റോഡ് നിയമങ്ങളെക്കുറിച്ച് പരിചയം കുറവായിരിക്കാനും അപകടസാധ്യത കൃത്യമായി വിലയിരുത്താനുള്ള കഴിവ് പൂർണമായി വികസിച്ചിട്ടില്ലാത്തതിനാലും അപകടസാധ്യത കൂടുതലാണെന്ന് CPS ചൂണ്ടിക്കാട്ടുന്നു.

ഇ-സ്കൂട്ടറുകൾക്ക് കാനഡയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും വ്യത്യസ്ത നിയമങ്ങളാണുള്ളത്. ചില നഗരങ്ങളിൽ ഇവ നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം പലപ്പോഴും പാലിക്കപ്പെടുന്നില്ല. ബ്രിട്ടിഷ് കൊളംബിയ, ഒന്റാരിയോ, കെബെക്ക് തുടങ്ങിയ പ്രവിശ്യകളിൽ പരമാവധി വേഗത മണിക്കൂറിൽ 24–25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇ-സ്കൂട്ടറുകൾ പൂർണമായി നിരോധിക്കണമെന്ന നിലപാടല്ല വിദഗ്ധർക്കുള്ളത്. പൊതുഗതാഗതത്തിന് പകരമായോ അതിനെ പിന്തുണയ്ക്കുന്ന ഗതാഗത മാർഗമായോ നഗരങ്ങളിൽ ഇവയ്ക്ക് പ്രയോജനമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രായപരിധി, വേഗപരിധി, ഹെൽമെറ്റ് ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തവും ഏകീകൃതവുമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!