Thursday, August 13, 2026

ഗംഭീർ തന്നെ തുടരും; പരിശീലകനെ മാറ്റേണ്ടെന്ന് BCCI

ഡൽഹി:ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ തുടരുമെന്ന് റിപ്പോർട്ട്. റെഡ്‌ബോൾ ക്രിക്കറ്റിലെ ടീമിന്റെ സമീപകാല പ്രകടനങ്ങൾ നിരാശപ്പെടുത്തുന്നതാണെങ്കിലും തൽക്കാലം ഗംഭീറിനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐയെന്നാണ് റിപ്പോർട്ടുകൾ.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമായതിനാൽ ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. എന്നാൽ ഈ പരമ്പരയിലെ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഗംഭീറിന്റെ ഭാവിയിൽ തീരുമാനം എടുക്കാൻ ബിസിസിഐ തയ്യാറല്ലെന്നാണ് സൂചന.

ഗംഭീറിനെ നിലനിർത്താനുള്ള തീരുമാനത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പരിഗണിക്കുന്നത്. ഒന്നാമത്തേത് ഇന്ത്യൻ ടെസ്റ്റ് ടീമിൽ നടക്കുന്ന തലമുറമാറ്റമാണ്. വിരാട് കോലി, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുതിർന്ന താരങ്ങൾ വിരമിച്ചതോടെ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ പുതിയ തലമുറയാണ് ടെസ്റ്റ് ടീമിന്റെ ഭാഗമായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ പുതിയ താരങ്ങൾക്കൊപ്പം പരിശീലകനെന്ന നിലയിൽ ഗംഭീറിന് കൂടുതൽ സമയം നൽകണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഏതാനും പരമ്പരകൾ കൂടി കഴിഞ്ഞ ശേഷമായിരിക്കും ടീമിന്റെ പ്രകടനവും പരിശീലകന്റെ പ്രവർത്തനവും വിശദമായി വിലയിരുത്തുക എന്നാണ് റിപ്പോർട്ട്.

താരങ്ങളുടെ പരുക്കാണ് രണ്ടാമത്തെ പ്രധാന കാരണം. പ്രധാന താരങ്ങൾക്ക് തുടർച്ചയായി പരുക്കേൽക്കുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നതായി ബിസിസിഐ വിലയിരുത്തുന്നു. ജസ്പ്രീത് ബുംറ, സായ് സുദർശൻ, വാഷിങ്ടൺ സുന്ദർ തുടങ്ങിയവർ പരുക്കിന്റെ പിടിയിലായ സാഹചര്യത്തിലാണ് ശ്രീലങ്കൻ പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തിരിച്ചടിക്ക് ശുഭ്മാൻ ഗില്ലിന്റെ പരുക്കും ഒരു കാരണമായിരുന്നുവെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. തുടർച്ചയായ പരുക്കുകൾ ടീമിന്റെ സ്ഥിരതയെ ബാധിക്കുന്ന സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും പരിശീലകനിൽ ചുമത്തേണ്ടതില്ലെന്ന നിലപാടും ബിസിസിഐയ്ക്കുണ്ട്.

അതേസമയം, മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസ് മേധാവിയായി തുടരാനാണ് ലക്ഷ്മണിന്റെ തീരുമാനം. ഇതോടെ ടെസ്റ്റ് ടീമിനായി താൽക്കാലിക പരിശീലകനെ നിയമിക്കാനുള്ള സാധ്യതയും കുറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!