കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചത്. എന്നാൽ അഞ്ച് മാസത്തെ ഉയർന്ന നിലയിലെത്തിയതിന് പിന്നാലെ രാജ്യാന്തര സ്വർണവില ഇപ്പോൾ താഴ്ന്നത് വിപണിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സ്വർണവില ഇനിയും ഉയരുമോ അതോ കുറയുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.
കേരളത്തിൽ ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 25 രൂപ ഉയർന്ന് 14,220 രൂപയായി. പവന് 200 രൂപ വർധിച്ച് 1,13,760 രൂപയായി. രാജ്യാന്തര വിപണിയിൽ ഔൺസ് സ്വർണവില 4,450 ഡോളർ വരെ ഉയർന്നശേഷം 4,393 ഡോളറിലേക്ക് താഴ്ന്നു. ഈ ഇടിവ് ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിൽ ഗ്രാമിന് ഏകദേശം 100 രൂപയും പവന് 800 രൂപയുമെങ്കിലും അധികമായി ഉയർന്നേനെയെന്നാണ് വിലയിരുത്തൽ.
അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ജൂണിലെ 3.5 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം 3.4 ശതമാനമായി കുറഞ്ഞത് സ്വർണവിലയ്ക്ക് പിന്തുണ നൽകി. പണപ്പെരുപ്പം കുറഞ്ഞതോടെ പലിശനിരക്ക് ഉയരാനുള്ള സാധ്യത കുറഞ്ഞതും ഡോളറും യുഎസ് ബോണ്ട് യീൽഡുകളും ദുർബലമായതും സ്വർണത്തിന് നേട്ടമായി.
അതേസമയം, പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക എണ്ണവില ഉയരാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. എണ്ണവില ഉയർന്നാൽ പണപ്പെരുപ്പം വീണ്ടും ഉയരാൻ സാധ്യതയുണ്ട്. ഇത് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നതിനും ഡോളറിനും ബോണ്ടുകൾക്കും കരുത്തേറുന്നതിനും ഇടയാക്കാം. അത്തരമൊരു സാഹചര്യത്തിൽ സ്വർണത്തിന്റെ ആവശ്യകത കുറയുകയും വില താഴുകയും ചെയ്യാം.

ഇതാണ് നിലവിൽ സ്വർണവിപണിയിലെ പ്രധാന ആശയക്കുഴപ്പം. അമേരിക്കയിലെ കുറഞ്ഞ പണപ്പെരുപ്പം സ്വർണത്തിന് അനുകൂലമാകുമോ, അതോ പശ്ചിമേഷ്യയിലെ സംഘർഷം സൃഷ്ടിക്കുന്ന എണ്ണവില വർധന സ്വർണത്തിന് തിരിച്ചടിയാകുമോ എന്നതാണ് ഇനി നിർണായകം.
വില താഴേക്കാണ് നീങ്ങുന്നതെങ്കിൽ രാജ്യാന്തര സ്വർണവില ഔൺസിന് 3,940 ഡോളർ വരെ ഇടിയാമെന്നാണ് ചില വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 1.05 ലക്ഷം രൂപയ്ക്ക് താഴെയെത്താനും സാധ്യതയുണ്ട്. മറുവശത്ത്, സ്വർണത്തിന്റെ മുന്നേറ്റം തുടരുകയാണെങ്കിൽ രാജ്യാന്തര വില 4,885 ഡോളർ വരെ ഉയരാമെന്നും കേരളത്തിൽ പവൻവില 1.20 ലക്ഷം രൂപ കടക്കാമെന്നും വിലയിരുത്തലുകളുണ്ട്.
ഇതിനിടെ, കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ ഉയർന്ന് 11,680 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 255 രൂപയാണ് ഇന്നത്തെ വില.
