തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ സർക്കാരിന്റെ പങ്കും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നും സംഭവത്തിൽ കായികവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെസ്സിയുടെ പേരിലുള്ള പരിപാടിയുമായി ബന്ധപ്പെട്ട് സ്പോൺസറെ തിരഞ്ഞെടുത്തത് ചട്ടങ്ങൾ മറികടന്നാണെന്ന ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കായികവകുപ്പിന്റെ റിപ്പോർട്ട് ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ലഹരിക്കടത്ത് കേസിൽ പ്രതിയായ മുഹമ്മദ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്നും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് അധികമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരക്കാർക്കും വീട് നിർമിക്കാനോ വാങ്ങാനോ സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി ആവാസ് യോജന-നഗരം 2 പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.പദ്ധതി പ്രകാരം വീട് നിർമിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ നിബന്ധന പ്രകാരം ബോർഡ് സ്ഥാപിക്കേണ്ടിവരുമെന്നും ഈ വ്യവസ്ഥ അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്ക് നീക്കത്തിനുള്ള പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യുന്ന മെറ്റയുടെ നടപടിക്കെതിരെ മാധ്യമങ്ങൾ പരാതി നൽകണമെന്നും സർക്കാർ നിയമപോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യരുതെന്ന് മെറ്റയോട് കത്തെഴുതാൻ തയാറാണെന്നും മാധ്യമങ്ങളുടെ നിയമപോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്ന സാഹചര്യത്തിൽ സ്വീകരിക്കുന്ന നടപടികളിലും മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
