Thursday, August 13, 2026

ശബരിമല നെയ്യ് ക്രമക്കേട്: മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് മാറ്റിയെന്ന് വിജിലൻസ്

തിരുവനന്തപുരം:ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം വിജിലൻസ് എസ്പി അന്തിമ അന്വേഷണ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ചു. കേസിൽ കൂടുതൽ വിശദമായ തുടരന്വേഷണം വേണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിന് മുമ്പ് മാറ്റിയതായാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. കരാർ പ്രകാരം ഓർഡർ ചെയ്ത മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

നെയ്യ് വിതരണം ചെയ്യുന്നതിനുള്ള കരാർ സ്വന്തമാക്കാൻ കരാറുകാരൻ വളരെ കുറഞ്ഞ തുക ക്വോട്ട് ചെയ്തതും അന്വേഷണത്തിൽ ദുരൂഹത ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തും.നെയ്യ് വിതരണത്തിലെ ക്രമക്കേടിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം വിജിലൻസ് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്. പ്രശാന്ത്, എ. അജികുമാർ, മുരാരി ബാബു എന്നിവരാണ് പ്രതികൾ. ഇടപാടിലെ ക്രമക്കേടുകൾ മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.

അന്തിമ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബോർഡ് തുടർനടപടികൾ സ്വീകരിക്കും. നെയ്യ് വാങ്ങൽ, ഗതാഗതം, വിതരണം എന്നിവയിലെ ഓരോ ഘട്ടവും പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കുമെന്നാണ് വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!