ഓട്ടവ: കനേഡിയൻ സായുധ സേനയിലെ ഓഫീസുകളിൽ ഉപയോഗിക്കേണ്ട ഔദ്യോഗിക ഭാഷ സംബന്ധിച്ച വിവാദത്തെ തുടർന്ന് 2025ലെ ഉത്തരവ് പുനഃപരിശോധിക്കാൻ പ്രതിരോധ മന്ത്രി ഡേവിഡ് മക്‌ഗിന്റി നിർദേശം നൽകി. ജോലിസ്ഥലത്തെ ഭാഷാ നയത്തിലെ മാറ്റത്തിനെതിരെ ജീവനക്കാരിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
എന്തായിരുന്നു മാറ്റം?
2025 ജനുവരിയിലാണ് കനേഡിയൻ സായുധ സേന ഭാഷാ നിയമങ്ങളിൽ മാറ്റം വരുത്തിയത്. നേരത്തെ സൈനിക കേന്ദ്രങ്ങളെ ഇംഗ്ലീഷ്, ഫ്രഞ്ച്, അല്ലെങ്കിൽ ഇരുഭാഷകളും ഉപയോഗിക്കുന്ന സ്ഥാപനങ്ങളായി തരംതിരിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി ഭാഷാ പദവി നിർണയിക്കുന്ന രീതിയിലേക്ക് നയം മാറ്റുകയായിരുന്നു.
ഫ്രഞ്ച് ഭാഷയ്ക്ക് തിരിച്ചടിയാകുമെന്ന വിമർശനം
പുതിയ നയം നടപ്പാക്കിയതോടെ ന്യൂബ്രൺസ് വിക്, നാഷണൽ ക്യാപിറ്റൽ റീജൻ തുടങ്ങിയ പ്രദേശങ്ങളിൽ മാത്രമായി ഇംഗ്ലീഷിനും ഫ്രഞ്ചിനും നിർബന്ധിത ഔദ്യോഗിക ഉപയോഗം പരിമിതപ്പെടുമെന്ന വിമർശനം ഉയർന്നു. മറ്റ് പ്രദേശങ്ങളിലെ സൈനിക ഓഫീസുകളിൽ ഫ്രഞ്ച് ഭാഷയുടെ ഉപയോഗം കുറയാനും ഇതുവഴി ഫ്രഞ്ച് സംസാരിക്കുന്ന സൈനികർക്ക് അവസരങ്ങൾ പരിമിതപ്പെടാനും സാധ്യതയുണ്ടെന്നാണ് വിമർശകരുടെ ആരോപണം.

കഴിഞ്ഞ ജൂലൈയിൽ സൈനിക വിഭാഗത്തിന്റെ ബ്ലോഗിൽ നയമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്. ഇംഗ്ലീഷ് ഭൂരിപക്ഷ മേഖലകളിൽ ജോലി ചെയ്യുന്ന ഫ്രഞ്ച് സംസാരിക്കുന്ന സൈനികർക്ക് കമാൻഡ് ചുമതലകളിലേക്കും സ്ഥാനക്കയറ്റത്തിലേക്കും എത്തുന്നതിന് പുതിയ നയം തടസ്സമാകുമെന്ന് കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു. സൈന്യത്തിലെ ഫ്രഞ്ച് ഭാഷയുടെ പ്രാധാന്യം കുറയ്ക്കുന്ന മാറ്റം പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഭാഷാ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി
ഉയർന്ന പരാതികൾ ഗൗരവത്തോടെ പരിഗണിക്കുന്നതായി പ്രതിരോധ മന്ത്രി ഡേവിഡ് മക്‌ഗിന്റി പറഞ്ഞു. സൈനികരുടെ ഭാഷാ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഭാഷാ നിയമങ്ങൾ കനേഡിയൻ സായുധ സേനയുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. എന്നാൽ പരിശോധന പൂർത്തിയാക്കുന്ന സമയപരിധി സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
