Sunday, August 16, 2026

ഒന്റാരിയോയില്‍ ‘ക്യാഷ് ബെയ്ല്‍’ സംവിധാനം തിങ്കളാഴ്ച മുതല്‍; നിയമപോരാട്ടത്തിനൊരുങ്ങി മനുഷ്യാവകാശ സംഘടനകള്‍

ടൊറന്റോ: ഒന്റാരിയോയില്‍ ‘ക്യാഷ് ബെയ്ല്‍’ സംവിധാനം തിങ്കളാഴ്ച മുതല്‍
പ്രാബല്യത്തില്‍ വരും. ഇനിമുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ മുന്‍കൂറായി പണം നിക്ഷേപിക്കണം. പ്രതിയോ അവരുടെ ജാമ്യക്കാരനോ രണ്ടു പ്രവൃത്തി ദിവസത്തിനുള്ളില്‍ നിശ്ചിത തുക മുഴുവനായി സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കേണ്ടതുണ്ട്. മുന്‍പ്, പ്രതി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാത്രമായിരുന്നു കോടതി ഉത്തരവുപ്രകാരം പണം അടയ്ക്കേണ്ടിയിരുന്നത്.

അതേസമയം ജാമ്യവ്യവസ്ഥകളില്‍ നടപ്പാക്കുന്ന ഈ നിര്‍ണായക മാറ്റങ്ങള്‍ക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി മനുഷ്യാവകാശ-നിയമ സംഘടനകള്‍. പ്രവിശ്യ സര്‍ക്കാരിന്റെ പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കനേഡിയന്‍ സിവില്‍ ലിബര്‍ട്ടി അസോസിയേഷനും (CCLA) ക്രിമിനല്‍ ലോയേഴ്സ് അസോസിയേഷനും (CLA) അടുത്ത ആഴ്ച കോടതിയെ സമീപിക്കുന്നത്.

ഈ പുതിയ നിയമം നീതിന്യായ വ്യവസ്ഥയില്‍ കടുത്ത വിവേചനം ഉണ്ടാക്കുമെന്നാണ് നിയമ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. പണമുള്ളവര്‍ക്ക് ഒരു നീതിയും ഇല്ലാത്തവര്‍ക്ക് മറ്റൊരു നീതിയും എന്ന അവസ്ഥ ഇത് സൃഷ്ടിക്കും. കുറ്റം ചെയ്യപ്പെടാത്ത നിരപരാധികളാണെങ്കില്‍ പോലും പണമടയ്ക്കാന്‍ ശേഷിയില്ലാത്തവര്‍ ജയിലില്‍ തുടരേണ്ടി വരും. ഇത് ഒന്റാരിയോയിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനും അവിടുത്തെ അവസ്ഥ കൂടുതല്‍ ദയനീയമാക്കാനും കാരണമാകും. കൂടാതെ ഫെഡറല്‍ നിയമമായ ക്രിമിനല്‍ കോഡ് അനുസരിച്ച് പണപരമായ ജാമ്യവ്യവസ്ഥ നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം ജഡ്ജിമാര്‍ക്കാണ്. ഈ കേന്ദ്രനിയമത്തെ മാറ്റിയെഴുതാന്‍ പ്രവിശ്യാ സര്‍ക്കാരിന് അവകാശമില്ലെന്നും കനേഡിയന്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്സ് നല്‍കുന്ന ന്യായമായ ജാമ്യത്തിനുള്ള അവകാശ ലംഘനമാണിതെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു.

അതേസമയം, പ്രവിശ്യയിലെ ജാമ്യവ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കാനും ജനങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടിയെന്നാണ് ഒന്റാരിയോ അറ്റോര്‍ണി ജനറല്‍ ഡഗ് ഡൗണി വ്യക്തമാക്കിയത്. കേസ് അവസാനിക്കുമ്പോഴോ ജാമ്യക്കാരന്റെ ഉത്തരവാദിത്തം കഴിയുമ്പോഴോ ഈ തുക തിരിച്ചുകിട്ടും. എന്നാല്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ കണ്ടുകെട്ടും. അതോടൊപ്പം, തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നവരെയും കണ്ടെത്താന്‍ ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനങ്ങളും ജാമ്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഡാറ്റാബേസും സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്. കടം ഈടാക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍, സ്വത്തുക്കള്‍ എന്നിവ കണ്ടുകെട്ടാനുള്ള കര്‍ശന നടപടികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!