വാരണാസി: വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രികന്റെ തോക്ക് അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ കമലേഷ് റായ് ഭാര്യയോടൊപ്പം മുംബൈയിലേക്ക് പോകാനായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ IX1810 വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.
അപകടത്തില്‍ വിമാനത്താവളത്തിലെ ഒരു വനിതാ സുരക്ഷാ ജീവനക്കാരിയുടെ കാലിനും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിയുടെ വിരലിനുമാണ് പരിക്കേറ്റത്. സംഭവത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റ ഇരുവരെയും സമീപത്തെ ന്യൂ ലക്ഷ്മി ട്രോമ സെന്റര്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സംഭവത്തില്‍ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനങ്ങളില്‍ ലൈസന്‍സുള്ള തോക്കുകള്‍ കൊണ്ടുപോകാന്‍ നിയമപരമായി അനുമതിയുണ്ടെങ്കിലും, യാത്രയ്ക്ക് മുന്നോടിയായി തോക്കില്‍ നിന്ന് വെടിയുണ്ടകള്‍ പൂര്‍ണ്ണമായും മാറ്റണമെന്ന കര്‍ശനമായ സുരക്ഷാ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. ഈ നിബന്ധന ലംഘിക്കപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.
