Monday, August 17, 2026

ട്രംപിന്റെ 50% താരിഫ് ഭീഷണി; കാനഡ–US ചർച്ചകൾ നിർണായക ഘട്ടത്തിൽ

ഓട്ടവ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയ പുതിയ 50 ശതമാനം താരിഫ് ഒഴിവാക്കുന്നതിനായി കാനഡയും യുഎസും നടത്തുന്ന വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിലും ധാരണയിലെത്താതെ തുടരുന്നു. ബുധനാഴ്ച മുതൽ പുതിയ താരിഫ് പ്രാബല്യത്തിൽ വരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളിലെയും ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഉന്നതതല ഉദ്യോഗസ്ഥർ തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടന്നെങ്കിലും പ്രധാന വിഷയങ്ങളിൽ നിലപാടുകൾ കടുപ്പിച്ചതായാണ് റിപ്പോർട്ട്. കാനഡയിൽ നിന്നുള്ള നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന യുഎസ് ഭീഷണി ഒഴിവാക്കുകയാണ് ഓട്ടവയുടെ പ്രധാന ലക്ഷ്യം.

ഓട്ടോമൊബൈൽ മേഖലയിൽ തർക്കം

നിലവിലെ 25 ശതമാനം ഓട്ടോ താരിഫ് 12.5 ശതമാനമായി കുറയ്ക്കാമെന്നാണ് യുഎസ് മുന്നോട്ടുവച്ച നിർദേശമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ നിർദേശം മതിയായതല്ലെന്നാണ് കാനഡയുടെ നിലപാട്. കാനഡയുടെ ഓട്ടോമൊബൈൽ വ്യാപാരനയത്തെയും ഇറക്കുമതി നിയന്ത്രണങ്ങളെയും യുഎസ് വിമർശിക്കുന്നുണ്ട്.

ഡയറി മേഖലയിലും സമ്മർദ്ദം

കാനഡയുടെ സപ്ലൈ മാനേജ്മെന്റ് (supply management) സംവിധാനവും യുഎസ് ലക്ഷ്യമിടുന്ന പ്രധാന വിഷയമാണ്. യുഎസ് ഡയറി ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മറ്റ് രാജ്യങ്ങളേക്കാൾ കടുത്തതാണെന്നാണ് വാഷിങ്ടണിന്റെ വാദം. പുതിയ വ്യാപാര ധാരണയ്ക്കായി ഡയറി മേഖലയിൽ കാനഡ ഇളവ് നൽകേണ്ടിവരുമെന്നാണ് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.എന്നാൽ കെബെക്കിൽ ഡയറി മേഖലയെ സംരക്ഷിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

യുഎസ് മദ്യത്തിന് നിയന്ത്രണം നീക്കണമെന്ന് ആവശ്യം

കാനഡയിലെ വിവിധ പ്രവിശ്യകൾ യുഎസ് മദ്യത്തിന്റെ വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ചർച്ചകളിൽ പ്രധാന തടസ്സമായി തുടരുന്നു. ആൽബർട്ട, സസ്കാച്വാൻ എന്നീ പ്രവിശ്യകൾ യുഎസ് മദ്യത്തിന്റെ വിൽപ്പന പുനരാരംഭിച്ചെങ്കിലും മറ്റു പല പ്രവിശ്യകളും നിയന്ത്രണം തുടരുകയാണ്.

വ്യാപാര കരാറിൽ ധാരണയായാൽ യുഎസ് മദ്യം കടകളിൽ തിരിച്ചെത്തിക്കാൻ തയ്യാറാകണമെന്ന് ഫെഡറൽ സർക്കാർ പ്രവിശ്യകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്റ്റീൽ, ഓട്ടോ, കാർഷികം, നിർമാണം തുടങ്ങിയ മേഖലകൾക്ക് അനുകൂലമായ കരാർ ലഭിച്ചാൽ മാത്രമേ നിയന്ത്രണം നീക്കൂ എന്ന നിലപാടാണ് ചില പ്രവിശ്യകൾ സ്വീകരിച്ചിരിക്കുന്നത്.

സ്റ്റീൽ, അലുമിനിയം മേഖലയിലും ഇളവ് തേടി കാനഡ

സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവയ്ക്ക് നിലവിലുള്ള 10 മുതൽ 50 ശതമാനം വരെയുള്ള താരിഫുകളിൽ ഇളവ് നേടാനാണ് കാനഡ ശ്രമിക്കുന്നത്. താരിഫ് ബാധിച്ച കമ്പനികളെ സഹായിക്കുന്നതിനായി കാനഡ ഇതിനകം വിവിധ സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിനകത്ത് കനേഡിയൻ സ്റ്റീൽ കപ്പൽ, റെയിൽ മാർഗങ്ങളിലൂടെ കൊണ്ടുപോകുന്നതിനുള്ള ചെലവിന്റെ പകുതി വഹിക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ പുതിയ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

സോഫ്റ്റ്‌വുഡ് ലംബർ പ്രശ്നവും തുടരുന്നു

കനേഡിയൻ സോഫ്റ്റ്‌വുഡ് ലംബറിന് യുഎസ് ചുമത്തുന്ന താരിഫിൽ ഇളവ് വേണമെന്നാണ് കാനഡയുടെ ആവശ്യം. നിലവിലെ ആകെ താരിഫ് നിരക്ക് 45 ശതമാനമാണ്. എന്നാൽ ഈ വിഷയം മറ്റ് മേഖലകളിലെ താരിഫ് ചർച്ചകളിൽനിന്ന് വേറിട്ട് പരിഗണിക്കണമെന്നാണ് യുഎസ് നിലപാട്.

പുതിയ 50 ശതമാനം താരിഫ് പ്രഖ്യാപനം മരവുമായി ബന്ധപ്പെട്ട നിരവധി ഉൽപ്പന്നങ്ങളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയയിലെ വ്യവസായത്തിന് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്.

നിർണായക ധാതുക്കളും പ്രതിരോധ സഹകരണവും

ലിഥിയം, നിക്കൽ, കോബാൾട്ട്, ചെമ്പ് തുടങ്ങിയ നിർണായക ധാതുക്കളിൽ യുഎസിന് മുൻഗണനാ പ്രവേശനം ഉറപ്പാക്കുന്ന കരാറിനും വാഷിങ്ടൺ താൽപര്യപ്പെടുന്നു. ചൈനീസ് വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രതിരോധ വ്യവസായത്തിനാവശ്യമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് യുഎസ് ഇതിന് പ്രാധാന്യം നൽകുന്നത്.

അതേസമയം, യുഎസിൽനിന്നുള്ള F-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കാനഡയുടെ പദ്ധതിയും വ്യാപാര-പ്രതിരോധ ചർച്ചകളുടെ ഭാഗമായി പരിശോധിക്കപ്പെടുന്നുണ്ട്.

താരിഫ് ഭീഷണി ഒഴിവാക്കാൻ കാനഡയ്ക്ക് ചില മേഖലകളിൽ ഇളവുകൾ നൽകേണ്ടിവരുമെന്ന സമ്മർദ്ദം ശക്തമാകുമ്പോൾ, സ്വന്തം വ്യവസായ മേഖലകൾക്ക് യുഎസിൽനിന്ന് കൂടുതൽ സംരക്ഷണവും താരിഫ് ഇളവുകളും നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ. ബുധനാഴ്ചത്തെ സമയപരിധിക്ക് മുമ്പ് ധാരണയിലെത്തുമോ എന്നതാണ് ഇനി നിർണായകം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!