Thursday, August 20, 2026

‘ഹോര്‍മുസ് നിങ്ങളുടേതെങ്കില്‍ കാലിഫോര്‍ണിയ ഞങ്ങളുടേത്’; ട്രംപിന് മറുപടിയുമായി ഇറാന്‍

ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ പ്രദേശമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഇറാന്‍. അമേരിക്കയിലെ കാലിഫോര്‍ണിയയെ തങ്ങളുടെ പുതിയ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രകോപനത്തിന് ഇറാന്‍ തിരിച്ചടി നല്‍കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് ഈ പുതിയ സംഭവവികാസങ്ങളെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യുദ്ധാനന്തരം ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ നിയന്ത്രണത്തിലാക്കുമെന്ന് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കിനെ ‘പുതിയ യുഎസ് പ്രദേശം’ എന്ന് രേഖപ്പെടുത്തിയ മാപ്പ് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ട്രംപിന്റെ ഈ വിവാദ പോസ്റ്റ് പിന്നീട് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും റീപോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.

ഇതിന് മറുപടിയായാണ് ഹൈദരാബാദിലെ ഇറാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അമേരിക്കയുടെ മാപ്പ് പങ്കുവെച്ചുകൊണ്ട് ഇറാന്‍ രംഗത്തെത്തിയത്. ഈ മാപ്പില്‍ കാലിഫോര്‍ണിയയെ നീല നിറത്തില്‍ പ്രത്യേകം അടയാളപ്പെടുത്തുകയും ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പ്രദേശം’ എന്ന് കുറിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിനെ സംബന്ധിച്ചുള്ള ട്രംപിന്റെ മിഥ്യാധാരണകള്‍ ഉടന്‍ തിരുത്തപ്പെടുമെന്നും അല്ലെങ്കില്‍ ഈ മിഥ്യാധാരണക്കാരനെ തങ്ങള്‍ തിരുത്തുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദി വ്യക്തമാക്കി. കാലിഫോര്‍ണിയയെ, പ്രത്യേകിച്ച് ലോസ് ഏഞ്ചല്‍സിനെ ഇറാന്‍ തങ്ങളുടെ പ്രദേശമായി ഉയര്‍ത്തിക്കാണിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. ഇറാന് പുറത്ത് ഏറ്റവും കൂടുതല്‍ ഇറാനിയന്‍ വംശജര്‍ താമസിക്കുന്നത് ഇവിടെയാണ്.

ഏകദേശം 1,41,000 ഇറാനിയന്‍ അമേരിക്കക്കാര്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ മാത്രം താമസിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇവിടേക്ക് കുടിയേറിയ ഇവരുടെ സ്വാധീനം കാരണം ലോസ് ഏഞ്ചല്‍സിലെ വെസ്റ്റ്വുഡ് പ്രദേശം ‘തെഹ്റാന്‍ഞ്ചല്‍സ്’ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ പുതിയ വാക്‌പോര്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ജൂണില്‍ ഇരു രാജ്യങ്ങളും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം തുടരുന്നതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഈ ജലപാതയിലെ സുരക്ഷ സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിര്‍ണായകമായ തീരുമാനങ്ങളില്‍ എത്തിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!