Thursday, August 20, 2026

അക്രമങ്ങളും മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും വര്‍ധിക്കുന്നു: കെബെക്കിലെ മസ്ജിദുകളില്‍ ജാഗ്രത ശക്തമാക്കി

മണ്‍ട്രിയോള്‍: കെബെക്കില്‍ മുസ്ലീം പള്ളികള്‍ക്കും സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും നേരെ അതിക്രമങ്ങളും വെറുപ്പ് പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇത്തരം വിദ്വേഷ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ജാഗ്രതയോടെ പ്രതികരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കെബെക്ക് സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സഹസ്ഥാപകനും വക്താവുമായ ബുഫെല്‍ജ ബെനബ്ദല്ല (Boufeldja Benabdallah) വ്യക്തമാക്കി. പത്ത് വര്‍ഷം മുന്‍പ് 6 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ആക്രമണം നടന്ന അതേ പള്ളിയിലാണ് ഇപ്പോള്‍ സുരക്ഷ മുന്‍കരുതലുകള്‍ വീണ്ടും ശക്തമാക്കുന്നത്.

സമീപകാലത്തായി കെബെക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോറിസി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ജനലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. വെര്‍ഡന്‍ ഇസ്ലാമിക് സെന്ററിന് മുന്നില്‍ ചോരപുരണ്ട വ്യാജ മനുഷ്യ കൈ മുറിച്ചുവെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മണ്‍ട്രിയോല്‍ പോലീസ് വിദ്വേഷ കുറ്റകൃത്യത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൂടാതെ ഡോണകോണയിലെ അല്‍-റഹ്‌മ പോര്‍ട്ട്‌നെഫ് കള്‍ച്ചറല്‍ സെന്ററില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിന് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ അധിക്ഷേപങ്ങളും ഭീഷണികളും ഉയരുന്നുണ്ടെന്ന് ബെനബ്ദല്ല പറഞ്ഞു. പ്രവേശനം നിയന്ത്രിക്കാനും സംശയാസ്പദമായ സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കാനും മഹല്ല് നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭയം പരത്താനല്ല, മറിച്ച് മുന്‍കരുതല്‍ എന്ന നിലയിലാണ് സുരക്ഷ ശക്തമാക്കുന്നതെന്നും സമാധാനപരമായ അന്തരീക്ഷവും കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും സമുദായ നേതാക്കള്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!