Friday, August 21, 2026

വിദേശ തൊഴിലാളികളുടെ സുരക്ഷയ്ക്ക് പുതിയ നിയമങ്ങൾ; പൊതുജനാഭിപ്രായം തേടി PEI

ഷാർലെറ്റ്ടൗൺ: താൽക്കാലിക വിദേശ തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാൻ പുതിയ നിയമനിർമാണ നടപടികളുമായി പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) സർക്കാർ. നിർദിഷ്ട ‘ടെമ്പററി ഫോറിൻ വർക്കർ പ്രൊട്ടക്ഷൻ ആക്ട്’ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടുകയാണ് പ്രവിശ്യാ സർക്കാർ.

വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്കായി പൊതു രജിസ്ട്രി സ്ഥാപിക്കുന്നതും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ ഭരണപരമായ പിഴ ചുമത്തുന്നതുമാണ് കരട് നിയമത്തിലെ പ്രധാന നിർദേശങ്ങൾ.

പുതിയ നിയമം നിലവിൽ വന്നാൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾ പ്രവിശ്യാ സർക്കാരിൽ രജിസ്റ്റർ ചെയ്യണം. പൊതുജനങ്ങൾക്ക് പരിശോധിക്കാനാകുന്ന രജിസ്ട്രിയിൽ തൊഴിലുടമയുടെ ബിസിനസ് വിവരങ്ങൾ, റിക്രൂട്ട്മെന്റ് രീതികൾ, ജോലി ഒഴിവുകൾ, വേതനം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തും.

നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് 500 മുതൽ 3,000 കനേഡിയൻ ഡോളർ വരെ പിഴ ചുമത്താനാണ് നിർദേശം. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇതിലും ഉയർന്ന പിഴ ചുമത്താനുള്ള വ്യവസ്ഥയും കരടിലുണ്ട്.

തൊഴിലാളികൾ ഏത് രാജ്യത്തുനിന്നുള്ളവരായാലും സുരക്ഷിതവും സുതാര്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വർക്ക്ഫോഴ്സ് ആൻഡ് അഡ്വാൻസ്ഡ് ലേണിംഗ് മന്ത്രി സാക്ക് ബെൽ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിലുടമകളുടെ ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കരട് നിയമവുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും 2026 സെപ്റ്റംബർ 17 വരെ സമർപ്പിക്കാം. പ്രവിശ്യാ സർക്കാരിന്റെ ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിലേക്കാണ് അഭിപ്രായങ്ങൾ അയക്കേണ്ടത്.

ഘട്ടംഘട്ടമായി നടപ്പാക്കുന്ന നിയമത്തിന്റെ ആദ്യഘട്ടം 2025 ഏപ്രിൽ ഒന്നിന് നിലവിൽ വന്നിരുന്നു. ഇതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ലൈസൻസ് നിർബന്ധമാക്കി. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിലെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുകയാണ് പുതിയ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!