Friday, August 21, 2026

‌അമേരിക്കൻ മദ്യം കാനഡയിലെ വിപണിയിൽ തിരിച്ചെത്തും; വ്യാപാര ചർച്ചകളിൽ അനുകൂല നീക്കമെന്ന് പ്രീമിയർ

ഓട്ടവ: അമേരിക്കൻ മദ്യം വീണ്ടും പ്രവിശ്യാ വിപണികളിൽ എത്തിക്കാനുള്ള നീക്കവുമായി കാനഡ. അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര ചർച്ചകൾക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി മാർക്ക് കാർണി നടത്തുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായാണ് അമേരിക്കൻ നിർമ്മിത മദ്യം കടകളിൽ തിരിച്ചെത്തിക്കാൻ പ്രവിശ്യകളോട് നിർദേശിച്ചതെന്ന് ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വേക്കാം പറഞ്ഞു.

വെള്ളിയാഴ്ചയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. അമേരിക്കൻ ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലെത്തിക്കുന്നത് ചർച്ചകൾക്ക് അനുകൂലമായ സൂചനയാണെന്നാണ് കാനഡയുടെ വിലയിരുത്തൽ.

യുഎസ് താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച് 2025 ഫെബ്രുവരിയിലാണ് ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ ഉൾപ്പെടെ കാനഡയിലെ വിവിധ പ്രവിശ്യകൾ അമേരിക്കൻ മദ്യം വിപണിയിൽ നിന്ന് പിൻവലിച്ചത്. പിന്നീട് ഡിസംബറിൽ ശേഷിച്ച സ്റ്റോക്ക് വിറ്റഴിച്ച് ലഭിച്ച 7.5 ലക്ഷം ഡോളർ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ വ്യാപാര കരാർ ഒപ്പുവെച്ചതിന് ശേഷമേ യുഎസ് ഉൽപ്പന്നങ്ങൾ പൂർണമായും വിപണിയിൽ തിരിച്ചെത്തുകയുള്ളൂവെന്ന് കനേഡിയൻ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, അമേരിക്കൻ മദ്യം വീണ്ടും ലഭ്യമായാലും കനേഡിയൻ ഉപഭോക്താക്കൾ അത് എത്രത്തോളം സ്വീകരിക്കുമെന്ന കാര്യത്തിൽ ടോണി വേക്കാം സംശയം പ്രകടിപ്പിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കനേഡിയൻ ഉപഭോക്താക്കൾ കൂടുതൽ മുൻഗണന നൽകിത്തുടങ്ങിയതാണ് ഇതിന് കാരണം.

എന്നിരുന്നാലും യുഎസ് ബ്രാൻഡുകൾ വീണ്ടും വിപണിയിലെത്തിക്കാനുള്ള തീരുമാനം കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക വിപണികൾക്കും കനേഡിയൻ വൈനറികൾക്കും നൽകിവരുന്ന പിന്തുണയിൽ മാറ്റമുണ്ടാകില്ലെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!