Saturday, August 22, 2026

ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനം; എതിര്‍പ്പറിയിച്ച് ചൈന

ബീജിങ്: ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തെ ശക്തമായി എതിര്‍ത്ത് ചൈന. ഇത്തരം സാമ്പത്തിക ഉപരോധങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും നിലവിലെ തര്‍ക്കങ്ങള്‍ക്ക് ഒരിക്കലും പരിഹാരമാകില്ലെന്നും, അത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉപരോധങ്ങള്‍ക്ക് പകരം രാഷ്ട്രീയ-നയതന്ത്ര ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, ഇറാനെ സാമ്പത്തികമായി തകര്‍ക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായാണ് ഇറാന്‍ ഭരണകൂടം രംഗത്തെത്തിയത്. യുഎസിന്റെ സാമ്പത്തിക ഉപരോധ ഭീഷണികളെ ‘സാമ്പത്തിക ഭീകരവാദം’ എന്നും മനുഷ്യത്വവിരുദ്ധ നടപടിയെന്നുമാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഇറാന്‍ കരുത്തുറ്റ നിലയില്‍ നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഇറാന്‍ ഒരിക്കലും യുഎസിന്റെ ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ലെന്നും പെസഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെ പുതിയ സാമ്പത്തിക ഉപരോധങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാകണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് ആഹ്വാനം ചെയ്തു. അമേരിക്ക ആരംഭിച്ചിരിക്കുന്ന ഈ സാമ്പത്തിക യുദ്ധം പരാജയപ്പെടുമെന്നും, പുതിയ ഉപരോധങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇതോടൊപ്പം, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ സംസാരിക്കുകയും മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!