നെയ്പിഡോ: മ്യാന്‍മറിലെ സഗൈംഗ് മേഖലയില്‍ ബുദ്ധവിഹാരത്തിന് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറിലധികം പേരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് മ്യാംഗ് ടൗണ്‍ഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പില്‍ ആക്രമണമുണ്ടായത്. മ്യാന്‍മര്‍ സൈന്യത്തിന്റെ യുദ്ധവിമാനം വിഹാര വളപ്പിലേക്ക് ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് നവേ ഓ വ്യക്തമാക്കി.

15 മിനിറ്റ് ഇടവേളയില്‍ രണ്ട് ബോംബുകളാണ് യുദ്ധവിമാനം വര്‍ഷിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സായുധ ഗോത്രസംഘങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണ പരമ്പരയുടെ ഭാഗമായാണ് വ്യോമാക്രമണമെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച ശേഷം ഗ്രാമവാസികള്‍ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
