ന്യൂബ്രണ്‍സ്വിക്: കാനഡയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ ‘നാലാക്‌സ് കോര്‍പ്പറേഷന്‍’ (Nalagx Corp.) തങ്ങളുടെ പുതിയ സ്‌ഫോടകവസ്തു നിര്‍മ്മാണ ശാല നിര്‍മ്മിക്കുന്നതിനായി ന്യൂ ബ്രണ്‍സ്വിക് (New Brunswick) പ്രവിശ്യയെ തിരഞ്ഞെടുത്തു. മറ്റ് കനേഡിയന്‍ പ്രവിശ്യകളും രണ്ട് അമേരിക്കന്‍ സംസ്ഥാനങ്ങളും പരിഗണിച്ച ശേഷമാണ് ന്യൂ ബ്രണ്‍സ്വികിലെ ബെല്ലെഡൂണിന് (Belledune) സമീപമുള്ള പ്രദേശം ഇതിനായി അന്തിമമായി തിരഞ്ഞെടുത്തതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് പാട്രിക് ഗാ ഗ്‌നണ്‍ (Patrick Gagnon) വ്യക്തമാക്കി.
പദ്ധതിക്കായി 1,500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വകയിരുത്തിയിട്ടുണ്ടെന്ന് ന്യൂ ബ്രണ്‍സ്വിക് പ്രകൃതിവിഭവശേഷി മന്ത്രി ജോണ്‍ ഹെറോണ്‍ കമ്പനിക്കയച്ച കത്തില്‍ അറിയിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തോടു ചേര്‍ന്നുള്ള ബെല്ലെഡൂണ്‍ പോര്‍ട്ട്, റെയില്‍വേ ശൃംഖല, മികച്ച റോഡ് സൗകര്യങ്ങള്‍ എന്നിവയാണ് ഈ സ്ഥലത്തെ കൂടുതല്‍ അനുയോജ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഫാക്ടറി പ്രവര്‍ത്തനക്ഷമമാകുന്നതോടെ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (NATO) നിലവിലെ സ്‌ഫോടകവസ്തുക്കളുടെ ലഭ്യത ഇരട്ടിയാകുമെന്നും, പ്രധാന യുദ്ധോപകരണ ഉല്‍പ്പാദക രാജ്യമെന്ന നിലയില്‍ കാനഡയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുമെന്നും പാട്രിക് ഗാഗ്‌നണ്‍ പറഞ്ഞു. കൂടാതെ, ന്യൂബ്രണ്‍സ്വികിലെ വളര്‍ന്നുവരുന്ന ഖനന മേഖലയ്ക്ക ആവശ്യമായ സ്‌ഫോടകവസ്തുക്കളും ഇവിടെ നിര്‍മ്മിക്കും.
