മൺട്രിയോൾ: കെബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി തുടക്കമായി. ഒക്ടോബർ 5നാണ് വോട്ടെടുപ്പ് നടക്കുക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താരിഫുകളും അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ താരിഫ് ഭീഷണിയും കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന അദ്ദേഹത്തിന്റെ പരാമർശങ്ങളും കെബെക്കിലെ രാഷ്ട്രീയ ചർച്ചകളെ കാര്യമായി സ്വാധീനിച്ചിരുന്നു. കെബെക്ക് സ്വത്വം, മതനിരപേക്ഷത, ഭാഷ തുടങ്ങിയ പ്രാദേശിക വിഷയങ്ങൾക്കുപകരം അമേരിക്കൻ സമ്മർദത്തിൽ നിന്ന് കാനഡയെ സംരക്ഷിക്കുന്നതായിരുന്നു അന്ന് പ്രധാന ചർച്ച.
ഇത്തവണയും സമാനമായ സാഹചര്യമാണോ ഉണ്ടാകുകയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പുതിയ താരിഫുകൾ കെബെക്കിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. വാഹന, ലോഹ, നിർമാണ മേഖലകളിലെ കയറ്റുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നതിനാൽ പുതിയ വ്യാപാര നിയന്ത്രണങ്ങളുടെ ആഘാതം കെബെക്കിന് കൂടുതലായിരിക്കുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യസംരക്ഷണവും ജീവിതച്ചെലവും പ്രധാന വിഷയങ്ങൾ
വ്യാപാരയുദ്ധം രൂക്ഷമാകുന്നതിന് മുമ്പ് ആരോഗ്യസംരക്ഷണം, ഭവനവില, ജീവിതച്ചെലവ് എന്നിവയായിരുന്നു കെബെക്ക് വോട്ടർമാരുടെ പ്രധാന ആശങ്കകൾ. രണ്ട് കാലാവധി പിന്നിട്ട ഭരണകക്ഷിയായ കോയലിഷൻ അവനീർ കെബെക്ക് (CAQ) കടുത്ത ജനവിരുദ്ധത നേരിടുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്നാൽ സാമ്പത്തിക സ്ഥിരതയും താരിഫ് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കഴിവും വോട്ടർമാരുടെ പ്രധാന പരിഗണനയായാൽ സിഎക്യൂയ്ക്ക് (CAQ) നേട്ടമുണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
PQ മുന്നിൽ; മത്സരം ശക്തമാകുന്നു
പോൾ റിസൾട്ടുകളിൽ പാർട്ടി കെബെക്കോയിസ് (PQ) നേതാവ് പോൾ സെന്റ്-പിയർ പ്ലമോണ്ടൻ മുന്നിലാണ്. ട്രംപിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതുവരെ കെബെക്കിൽ ഹിതപരിശോധന നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഭരണകക്ഷിയായ സിഎക്യൂയും(CAQ) കെബെക്ക് ലിബറൽ പാർട്ടിയും പിന്തുണ വർധിപ്പിക്കുന്നതോടെ മത്സരം കൂടുതൽ കടുപ്പമാകുന്നുവെന്നാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്.

ട്രംപ് പ്രതിസന്ധിയെ നേരിടാൻ ആര്?
സിഎക്യൂ (CAQ) നേതാവ് ക്രിസ്റ്റീൻ ഫ്രെഷെറ്റെ ഫെഡറൽ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി അടുത്തിടെ നിരവധി വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കെബെക്കിൽ നിർമിക്കുന്ന പുതിയ ഐസ്ബ്രേക്കറുകൾക്കായുള്ള 11 ബില്യൺ ഡോളറിന്റെ ധനസഹായ പ്രഖ്യാപനത്തിലും ഇരുവരും പങ്കെടുത്തു.
താരിഫ് ബാധിച്ച ചെറുകിട, ഇടത്തരം നിർമാണ-പ്രാഥമിക മേഖലയിലെ സ്ഥാപനങ്ങൾക്കായി ഫ്രെഷെറ്റെ പുതിയ സാമ്പത്തിക സഹായ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പിക്യൂയും (PQ) ലിബറലുകളും ഫ്രെഷെറ്റെയുടെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കഴിവിനെ ചോദ്യം ചെയ്യുകയാണ്. താരിഫ് ബാധിച്ച തൊഴിലാളികളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ പ്രതിവർഷം ഒരു ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് കെബെക്ക് സൊലിഡെയർ പ്രഖ്യാപിച്ചിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടി 47 ബില്യൺ ഡോളറിന്റെ ചെലവ് വെട്ടിക്കുറയ്ക്കലും നികുതി ഇളവുകളും വാഗ്ദാനം ചെയ്യുന്നു.
ട്രംപിന്റെ താരിഫുകളും സാമ്പത്തിക അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യത്തിൽ “പ്രതിസന്ധിയുടെ സമയത്ത് സ്ഥിരതയോടെ നേതൃത്വം നൽകാൻ കഴിയുന്ന നേതാവ്” എന്ന പ്രതിച്ഛായ സ്വന്തമാക്കുന്നയാൾക്ക് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
