Thursday, August 27, 2026

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 270 ആയി

കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. ഏകദേശം 1,200 പേരെ കാണാതായതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ 300 ഓളം പേർ ഇന്ത്യക്കാരാണ്.

നേപ്പാളിലേക്ക് വിനോദസഞ്ചാരത്തിനായി പോയ ഇന്ത്യക്കാരിൽ 288 പേരുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരിൽ 32 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും 33 പേർ കേരളത്തിൽ നിന്നുള്ളവരുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്ശ്വാൾ അറിയിച്ചു.

ചൈനീസ് മേഖലയിലായി ഏകദേശം 200 പേർ കുടുങ്ങിക്കിടക്കുന്നതായും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ തമിഴ്നാട്ടിൽ നിന്നുള്ള 21 അംഗ യാത്രാസംഘത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പ്രളയബാധിത മേഖലകളിൽ കുടുങ്ങിയ 53 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക അറിയിച്ചു. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇവർ സുരക്ഷിതരാണെന്ന വിവരമാണ് ലഭിച്ചതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ പറഞ്ഞു.കാഞ്ഞങ്ങാട് നിന്ന് നേപ്പാളിലേക്ക് പോയ 36 അംഗ സംഘം ചിത്‌വാൻ ജില്ലയിലെ ഹോട്ടലിൽ സുരക്ഷിതമായി എത്തിയതായും അധികൃതർ അറിയിച്ചു.

നേപ്പാളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സഹായം ആവശ്യമുള്ളവർ +91 11 2308 8718, +91 11 2308 8719 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.കാണാതായവരെ കണ്ടെത്തുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!