സസ്കറ്റൂണ്‍: അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവയ്ക്ക് തിരിച്ചടി തീരുവയുമായി സസ്കച്വാന്‍. അമേരിക്കയില്‍ നിന്നുള്ള മദ്യത്തിന് 50 ശതമാനം തിരിച്ചടി നികുതി ഏര്‍പ്പെടുത്തുമെന്ന് സസ്കച്വാന്‍ പ്രീമിയര്‍ സ്കോട്ട് മോ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 8 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 22-ന് കനേഡിയന്‍ മദ്യത്തിന് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതില്‍ പ്രതികരിച്ചാണ് പ്രവിശ്യാ സര്‍ക്കാരിന്റെ ഈ നടപടി.
എന്നാല്‍ യു.എസ് മദ്യം കടകളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വലിക്കില്ലെന്നും, അത് വാങ്ങണമോ വേണ്ടയോ എന്ന് തീരുമാനം ഉപഭോക്താക്കള്‍ക്ക് വിട്ടുനല്‍കുകയാണെന്നും പ്രീമിയര്‍ വ്യക്തമാക്കി. നിലവില്‍ പ്രവിശ്യയില്‍ അമേരിക്കന്‍ മദ്യത്തിന്റെ വില്‍പ്പനയില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. അമേരിക്കന്‍ വ്യാപാര നയങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന തിരിച്ചടി നികുതികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, പോട്ടാഷ് (Potash), എണ്ണ തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ക്ക് കയറ്റുമതി നികുതി ചുമത്തുന്നതിനോട് യോജിക്കില്ലെന്ന് പ്രിന്‍സ് ആല്‍ബര്‍ട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇത് കനേഡിയന്‍ തൊഴിലവസരങ്ങളെയും സാമ്പത്തിക രംഗത്തെയും ദോഷകരമായി ബാധിക്കുമെന്നും പെട്രോള്‍, വളം എന്നിവയുടെ വില വര്‍ധനവിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അമേരിക്കയുമായി ചര്‍ച്ച നടത്തി വ്യാപാര കരാറിലെത്തുകയാണ് അന്തിമ ലക്ഷ്യമെന്നും സ്കോട്ട് മോ കൂട്ടിച്ചേര്‍ത്തു.
