ഓട്ടവ: എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് നീട്ടി കാനഡ.30 ദിവസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആര്.സി), ഉഗാണ്ട, സൗത്ത് സുഡാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിയന്ത്രണം ബാധകം. സെപ്റ്റംബര്‍ 28 വരെ വീസ, സ്ഥിരതാമസ (Residency) അപേക്ഷകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കും. നിലവില്‍ സാധുവായ വീസയുള്ളവര്‍ക്കും കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരിക്കില്ല.
കാനഡയില്‍ എബോള ഭീഷണി കുറവാണെങ്കിലും മുന്‍കരുതല്‍ നടപടിയായാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാനഡക്കാരുള്‍പ്പെടെ ഈ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് 21 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം, ആഗോള ആരോഗ്യ സംഘടനയും (WHO) ആരോഗ്യ വിദഗ്ദ്ധരും കാനഡയുടെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ശാസ്ത്രീയ അടിത്തറയില്ലാത്തതും ഭയം മൂലവുമുള്ള തീരുമാനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഉഗാണ്ടയില്‍ എബോള രോഗവ്യാപനം അവസാനിച്ചതായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടും, വീസ അപേക്ഷകര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും വിലക്ക് തുടരുന്നത് യുക്തിസഹമല്ലെന്ന് പ്രമുഖ നിയമ-ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം കനേഡിയന്‍ പൗരന്മാരുടെ കുടുംബാംഗങ്ങളും കലാകാരന്മാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിലവില്‍ 67,000-ത്തിലധികം വീസ അപേക്ഷകളാണ് ഈ തീരുമാനം മൂലം തടഞ്ഞുവെച്ചിരിക്കുന്നത്.
കാനഡയുടെ ഈ യാത്രാ വിലക്ക് ആഫ്രിക്കന്‍ മേഖലയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ അയക്കുന്നതിനെയും സ്കൂള്‍ ഫണ്ട് സ്വരൂപണ പരിപാടികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോംഗോയില്‍ വാക്സിന് നിലവിലില്ലാത്ത അപൂര്‍വ്വ ഇനം ഇബോള വൈറസ് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിര്‍ത്തികള്‍ അടച്ചിടുന്നത് രോഗ പ്രതിരോധത്തിന് പരിഹാരമല്ലെന്നാണ് വിദഗ്ദ്ധരുടെ നിലപാട്.
