ഓട്ടവ: യുഎസ് താരിഫിന് പകരമായി 50 ശതമാനം തിരിച്ചടി തീരുവ ചുമത്തുന്ന ഉല്‍പ്പന്നങ്ങളുടെ പുതുക്കിയ പട്ടിക കനേഡിയന്‍ ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന കടല്‍വിഭവങ്ങളെ (Seafood) പൂര്‍ണ്ണമായി ഒഴിവാക്കിയാണ് പുതിയ ഉല്‍പ്പന്നങ്ങളെ കാനഡ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ പട്ടികയില്‍ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടെയുള്ള അച്ചടി സാമഗ്രികള്‍,
പ്ലാസ്റ്റര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ബോര്‍ഡുകള്‍, ഷീറ്റുകള്‍, ടൈലുകള്‍,
സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള കുപ്പികള്‍, ഫ്‌ലാസ്‌കുകള്‍, ജാറുകള്‍, പാത്രങ്ങള്‍ ചെമ്പ് കമ്പി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യു.എസ് കാനഡയ്ക്ക് മേല്‍ ചുമത്തിയ തീരുവയ്ക്ക് കൃത്യമായി അതേ മൂല്യത്തിലും നിരക്കിലും തിരിച്ചടി നല്‍കുകയാണ് കാനഡയുടെ ലക്ഷ്യം. സെപ്റ്റംബര്‍ 8 മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി 700-ഓളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ തിരിച്ചടി തീരുവ ചുമത്തും.
കാനഡയില്‍ നിന്നുള്ള കടല്‍വിഭവങ്ങള്‍ക്ക് അമേരിക്ക തീരുവ ചുമത്തിയിട്ടില്ലാത്തതിനാല്‍, തര്‍ക്കം കൂടുതല്‍ വഷളാക്കാതിരിക്കാനാണ് കടല്‍വിഭവങ്ങളെ ഒഴിവാക്കിയതെന്ന് ധനമന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്‌ന്റെ പ്രസ് സെക്രട്ടറി ജോണ്‍ ഫ്രാഗോസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50 ശതമാനം ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചത്. അമേരിക്ക-കാനഡ-മെക്‌സിക്കോ കരാറിന്റെ (CUSMA) പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ പോലും ട്രംപ് ഒഴിവാക്കിയിരുന്നില്ല.
