ഓട്ടവ: തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളായ ഹോംസെന്‍സ് (HomeSense), വിന്നേഴ്‌സ് (Winners), മാര്‍ഷല്‍സ് (Marshalls) എന്നിവിടങ്ങളില്‍ വിറ്റഴിച്ച പതിനായിരക്കണക്കിന് പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ . കാനഡയിലുടനീളം വിറ്റഴിച്ച ‘XO Poppy 5000 mAH Magsafe’ മോഡലിലുള്ള മുപ്പതിനായിരത്തോളം പവര്‍ ബാങ്കുകളാണ് ജനപ്രിയ സ്റ്റോറുകളില്‍ നിന്ന് തിരിച്ചുവിളിച്ചിരിക്കുന്നത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമായിരുന്ന ഈ പവര്‍ ബാങ്കുകള്‍ക്കൊപ്പം യു.എസ്.ബി-സി ചാര്‍ജിങ് കേബിളും ലഭ്യമായിരുന്നു.
ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്കിലെ ലിഥിയം-അയണ്‍ ബാറ്ററി അമിതമായി ചൂടാകാനും ചാര്‍ജിങ് പോര്‍ട്ട് ഉരുകാനും സാധ്യതയുണ്ടെന്നും, ഇത് തീപിടുത്തത്തിനും പൊള്ളലിനും കാരണമായേക്കാമെന്നും ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. വിയറ്റ്‌നാമില്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങള്‍ 2024 മേയ് മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കാനഡയില്‍ വിറ്റഴിച്ചത്. നിലവില്‍ രാജ്യത്ത് ഇതുവരെ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ ഈ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നും, വാങ്ങിയ ഹോംസെന്‍സ്, വിന്നേഴ്‌സ്, അല്ലെങ്കില്‍ മാര്‍ഷല്‍സ് സ്റ്റോറുകളില്‍ ഏതിലെങ്കിലും തിരികെ നല്‍കി മുഴുവന്‍ തുകയും കൈപ്പറ്റണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയുടെ ടോള്‍ ഫ്രീ നമ്പറിലോ വെബ്‌സൈറ്റുകളിലോ ബന്ധപ്പെടാവുന്നതാണ്.
