തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പൊലീസാണ് കേസെടുത്തത്.
രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടെ ആറ് വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്. BNS, ഐടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം എന്നിവ പ്രകാരമാണ് നടപടി.

ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ചുകൊണ്ട് ധന്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. വീഡിയോയിൽ ദീപ്തിക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് നടത്തിയതെന്നാണ് പരാതി. ദീപ്തിയും സുഹൃത്തും പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും വീഡിയോയിൽ ഉന്നയിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് അനാവശ്യവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ദീപ്തി കല്യാണിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂലൈയിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തതും വാർത്തയായിരുന്നു.
