ടെല്‍ അവീവ്: സുരക്ഷാ ഭീഷണികളെയും വധഭീഷണികളെയും തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായീര്‍ നെതന്യാഹുവിനെ യു.എസിലെ മയാമിയില്‍ നിന്ന് തിരികെ നാട്ടിലെത്തിച്ചു. ഇസ്രയേലി ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ‘ഷിന്‍ ബെറ്റ്’ ആണ് അതീവ രഹസ്യമായി നടത്തിയ ഈ നീക്കം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പോയവര്‍ഷം ഡിസംബറില്‍ ഫ്‌ലോറിഡയില്‍ കഴിയുകയായിരുന്ന യായീറിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി ഷിന്‍ ബെറ്റ് വെളിപ്പെടുത്തിയിരുന്നെങ്കിലും, ഏറ്റവുമൊടുവില്‍ ഉയര്‍ന്ന വധഭീഷണിക്ക് പിന്നില്‍ ആരാണെന്ന കാര്യം ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
യായിറിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രത്യേക ഏജന്റുമാരെ മയാമിയിലെത്തിച്ചാണ് ഷിന്‍ ബെറ്റ് ഈ അതീവരഹസ്യ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. തന്റെ മക്കളെ വധിക്കാന്‍ ഇറാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ആക്രമണ ശ്രമങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെയും മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മകന്റെ ജീവന് സുരക്ഷയൊരുക്കാനാണ് ഷിന്‍ ബെറ്റിന്റെ അടിയന്തര ഇടപെടല്‍.

അതേസമയം, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അഭിപ്രായ സര്‍വേകളില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന നെതന്യാഹുവിന്റെ ഈ വെളിപ്പെടുത്തലിനെ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള നീക്കമായാണ് ഒരു വിഭാഗം രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏതൊരു സ്ഥാനാര്‍ത്ഥിക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് ഷിന്‍ ബെറ്റ് തലവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാല്‍, ഉയര്‍ന്നുവന്ന ആരോപണങ്ങളോട് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
