വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയില്‍ നിയമം ലംഘിച്ച് അനധികൃതമായി ക്യാംപ് ഫയറുകള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ക്യാംപ് ഫയര്‍ നിയമലംഘനങ്ങള്‍ക്ക് 19,550 കനേഡിയന്‍ ഡോളര്‍ പിഴയായി ഈടാക്കിയതായി ബി.സി. കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് അറിയിച്ചു. ഈ കാലയളവില്‍ 17 പേര്‍ക്കാണ് ലംഘന ടിക്കറ്റുകള്‍ നല്‍കിയത്.
വനാതിര്‍ത്തികളിലും കാനന മേഖലകളിലും കാട്ടുതീ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. കാ്യംപ് ഫയര്‍ നിരോധനം ലംഘിക്കുന്നവര്‍ക്ക് 1,150 ഡോളര്‍ പിഴയും, കൂടാതെ 10,000 ഡോളര്‍ വരെ അഡ്മിനിസ്‌ട്രേറ്റീവ് പിഴയും നേരിടേണ്ടി വരാം. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പിഴ തുക 1,00,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. ഒപ്പം ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.

അനധികൃതമായി ഇടുന്ന തീ കാട്ടുതീയായി പടര്‍ന്നാല്‍, അത് അണയ്ക്കാന്‍ വേണ്ടിവരുന്ന മുഴുവന്‍ ചെലവും കുറ്റക്കാരില്‍ നിന്ന് ഈടാക്കും. നിലവില്‍ പ്രവിശ്യയിലെ ആറില്‍ മൂന്ന് പ്രധാന ഫയര്‍ സെന്ററുകളില്‍ (കാരിബൂ, കാംലൂപ്‌സ്, സൗത്ത് ഈസ്റ്റ്) പൂര്‍ണ്ണമായ ക്യാംപ് ഫയര്‍ നിരോധനമുണ്ട്. ചില തീരദേശ മേഖലകളിലും നിരോധനം നിലവിലുണ്ട്. നിലവില്‍ ബി.സി.യില്‍ കത്തുന്ന 208 കാട്ടുതീകളില്‍ 15 എണ്ണം മനുഷ്യരുടെ അശ്രദ്ധ മൂലം ഉണ്ടായതാണെന്നാണ് നിഗമനം.
