ഓട്ടവ: കാനഡക്കാര്‍ അമേരിക്കന്‍ യാത്രകള്‍ ഗണ്യമായി വെട്ടിക്കുറച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2026-ന്റെ ആദ്യ പാദത്തില്‍ അമേരിക്കയിലേക്കുള്ള യാത്രകളും ചെലവഴിക്കലും ഗണ്യമായി വെട്ടിക്കുറച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ അഞ്ച് ലക്ഷത്തില്‍ താഴെ മാത്രം യാത്രകളാണ് അമേരിക്കയിലേക്ക് നടത്തിയിരിക്കുന്നത്.
യാത്രകളുടെ എണ്ണത്തിലും തങ്ങുന്ന സമയത്തിലും ഉണ്ടായ ഈ കുറവ് മൂലം അമേരിക്കന്‍ യാത്രകള്‍ക്കായി കാനഡക്കാര്‍ ചെലവഴിച്ച തുകയില്‍ ഏകദേശം 800 മില്യണ്‍ ഡാളറിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ യാത്രകള്‍ ഒഴിവാക്കി സ്വന്തം രാജ്യത്തിനുള്ളിലെ വിനോദസഞ്ചാര മേഖലയെയും പ്രാദേശിക ബിസിനസുകളെയും പിന്തുണയ്ക്കാന്‍ കനേഡിയന്‍ ജനത കാണിക്കുന്ന താല്‍പ്പര്യമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും രാഷ്ട്രീയപരമായ വിയോജിപ്പുകളും ശക്തമാകുന്നതിന് മുന്‍പ് തന്നെ കാനഡക്കാര്‍ക്കിടയില്‍ യു.എസ് യാത്രകളോടുള്ള താല്പര്യം കുറഞ്ഞു തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായി കാനഡയ്ക്കുള്ളിലെ ആഭ്യന്തര വിനോദസഞ്ചാര മേഖല വലിയ നേട്ടമാണ് കൊയ്യുന്നത്. കാനഡയ്ക്കുള്ളിലെ യാത്രകള്‍ക്കായി ജനങ്ങള്‍ ചെലവഴിച്ച തുക കഴിഞ്ഞ വര്‍ഷത്തെ 13.8 ബില്യണ്‍ ഡോളറില്‍ നിന്ന് 14.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
കാനഡക്കാര്‍ അമേരിക്കന്‍ യാത്രകളില്‍ നിന്ന് പിന്മാറുമ്പോഴും, കാനഡ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ അമേരിക്കന്‍ സഞ്ചാരികള്‍ കാനഡയില്‍ ചെലവഴിച്ചത് ഏകദേശം 3 ബില്യണ്‍ ഡോളറാണ്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 500 ബില്യണ്‍ ഡോളര്‍ കൂടുതലാണ്. എങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കന്‍ ഭരണകൂടത്തോടുള്ള അമര്‍ഷവും കാരണം ദീര്‍ഘകാലത്തേക്ക് ഇനി യു.എസ് യാത്രകള്‍ വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കനേഡിയന്‍ വിനോദസഞ്ചാരികളും.
