വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ വില്ലിസ്റ്റൺ റിസർവോയറിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ ഒഴുകുന്ന ദ്വീപ് അപ്രത്യക്ഷമായി. ഏകദേശം 140 മീറ്റർ നീളവും 70 മീറ്റർ വീതിയുമുള്ള ദ്വീപാണ് ഓഗസ്റ്റ് ആദ്യം കാണാതായത്.
മാക്കൻസിക്ക് സമീപമുള്ള വില്ലിസ്റ്റൺ റിസർവോയറിൽ, W.A.C. ബെനറ്റ് അണക്കെട്ടിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ദ്വീപ് ആദ്യം ബോട്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ദ്വീപിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വ്യാപകമായ ശ്രദ്ധ നേടിയത്.
ആദ്യം ദ്വീപിന്റെ ദൃശ്യങ്ങൾ യഥാർഥമാണോ എന്ന കാര്യത്തിൽ ബി.സി. ഹൈഡ്രോ അധികൃതർക്കും സംശയമുണ്ടായിരുന്നു. എഐ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതർ ജാഗ്രത പുലർത്തിയത്. എന്നാൽ ജൂലൈ 21ലെ ഉപഗ്രഹ ചിത്രങ്ങൾ ദ്വീപ് യഥാർഥമാണെന്ന് സ്ഥിരീകരിച്ചു.
ഏകദേശം 9,800 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ദ്വീപിന് കനേഡിയൻ ഫുട്ബോൾ മൈതാനത്തേക്കാൾ വലുപ്പമുണ്ടെന്നാണ് കണക്ക്. എന്നാൽ ഓഗസ്റ്റ് 5ന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിൽ ദ്വീപിനെ കാണാനായില്ല.
ദ്വീപ് പൂർണമായും മുങ്ങിപ്പോയതാകണമെന്നില്ലെന്നാണ് ബി.സി. ഹൈഡ്രോയുടെ വിലയിരുത്തൽ. തീരത്തോട് ചേർന്ന കൂടുതൽ സുരക്ഷിതമായ ഭാഗത്തേക്ക് ഒഴുകിപ്പോയിരിക്കാമെന്നും അധികൃതർ കരുതുന്നു. ദ്വീപ് വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ നിരീക്ഷിച്ചുവരികയാണ്.

എങ്ങനെയാണ് ദ്വീപ് രൂപപ്പെട്ടത്?
വില്ലിസ്റ്റൺ റിസർവോയറിലെ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശത്ത് വർഷങ്ങളായി അടിഞ്ഞുകൂടിയ മരക്കഷണങ്ങളും സസ്യാവശിഷ്ടങ്ങളും വേരുകളോടെ പൊങ്ങിപ്പോയതാകാം ദ്വീപിന്റെ രൂപീകരണത്തിന് കാരണമെന്നാണ് പ്രധാന നിഗമനം.
ഈ വർഷം റിസർവോയറിൽ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയ്ക്കും വേനൽമഴയ്ക്കും പിന്നാലെ ജലനിരപ്പ് ഉയർന്നതോടെ ജൂൺ, ജൂലൈ മാസങ്ങളിൽ W.A.C. ബെനറ്റ് അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്ന് അധികജലം ഒഴുക്കിവിട്ടിരുന്നു.
ജലനിരപ്പ് ഉയർന്നതോടെ തീരത്ത് രൂപപ്പെട്ടിരുന്ന ഭൂഭാഗം വേർപെട്ട് കാറ്റിന്റെ ശക്തിയിൽ തുറന്ന ജലത്തിലേക്ക് ഒഴുകിയെത്തിയതാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അപൂർവമെങ്കിലും ലോകത്ത് കണ്ടുവരുന്ന പ്രതിഭാസം
വില്ലിസ്റ്റൺ റിസർവോയറിൽ അപൂർവമായി കണ്ട ഈ പ്രതിഭാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടുകൾ നിർമിച്ച് പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമ്പോൾ ചതുപ്പുനിലങ്ങളുടെയും സസ്യാവശിഷ്ടങ്ങളുടെയും വലിയ ഭാഗങ്ങൾ വേർപെട്ട് ഒഴുകുന്ന ദ്വീപുകളായി മാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വില്ലിസ്റ്റൺ റിസർവോയർ വളരെ വിശാലമായതിനാൽ മുഴുവൻ പ്രദേശവും ബോട്ടുകളിൽ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് ബി.സി. ഹൈഡ്രോ വ്യക്തമാക്കി. അതിനാൽ ദ്വീപ് വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താൻ ഉപഗ്രഹ നിരീക്ഷണത്തിനൊപ്പം പൊതുജനങ്ങളിൽ നിന്നുള്ള വിവരങ്ങളും അധികൃതർ തേടും.
