എഡ്മിന്റണ്‍ : ലേക്ക് ഒന്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ കനേഡിയന്‍മാര്‍ ആശയക്കുഴപ്പത്തിലും നിരാശയിലുമാണെന്ന് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത്. ഫോക്‌സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് സ്മിത്ത് നിലപാട് വ്യക്തമാക്കിയത്.
ലേക്ക് ഒന്റാരിയോ കാനഡയുടെയും അമേരിക്കയുടെയും പങ്കിട്ട പ്രധാന ജലസ്രോതസ്സാണെന്നും, അതിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് യാതൊരു പ്രായോഗിക അര്‍ത്ഥവുമില്ലെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. കാനഡ-അമേരിക്ക ബന്ധത്തില്‍ നിലവിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന നടപടികള്‍ ഇരുരാജ്യങ്ങളും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വ്യാപാര തര്‍ക്കം ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തില്‍ സഹകരണത്തിനും സംഭാഷണത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും സ്മിത്ത് പറഞ്ഞു. ആല്‍ബര്‍ട്ടയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കാനഡ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. വ്യാപാര വിഷയങ്ങളില്‍ പ്രായോഗികമായ പരിഹാരം കണ്ടെത്തുകയാണ് ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
