Tuesday, September 1, 2026

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ടത്തിന്റെ DPR സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിയുടെ വിശദ പദ്ധതിരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാകും പുതിയ മെട്രോ പാത കടന്നുപോകുക. പാതയുടെ ഒരു ഭാഗം ഭൂഗർഭമായിരിക്കുമെന്നും പദ്ധതിയിൽ വ്യക്തമാക്കുന്നു.

ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് ഏകദേശം 18 കിലോമീറ്ററാണ് ദൂരം. ഇതിൽ മൂന്ന് കിലോമീറ്ററോളം ഭൂഗർഭപാതയായിരിക്കും. പുതിയ പാതയിൽ എത്ര സ്റ്റേഷനുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

സംസ്ഥാന സർക്കാർ ഡി.പി.ആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച ശേഷം കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ലഭ്യമാക്കുകയാണ് അടുത്ത ഘട്ടം. അനുമതികൾ ലഭിച്ചാൽ പദ്ധതിയുടെ തുടർനടപടികൾ ആരംഭിക്കും.

നിലവിൽ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ സർവീസ് നടത്തുന്നുണ്ട്. 27 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. അതേസമയം, കലൂരിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ പാതയുടെ നിർമാണം അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

മൂന്നാംഘട്ടം യാഥാർഥ്യമായാൽ തൃപ്പൂണിത്തുറയിൽ നിന്ന് മെട്രോയിൽ കയറുന്ന യാത്രക്കാർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ സാധിക്കും. അങ്കമാലിയിൽ നിന്ന് പ്രതിദിനം കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്കും പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, മെട്രോയുടെ നാലാംഘട്ടമായി തൃപ്പൂണിത്തുറയിൽ നിന്ന് ഇരുമ്പനം വഴി കാക്കനാട്ടേക്ക് സർക്കുലർ മെട്രോ പാത വികസിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മൂന്നാംഘട്ടത്തിന് പിന്നാലെ ഈ പദ്ധതിയും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!