ദി ഹേഗ്: ആഗോള രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വര്‍ധിക്കുന്നതിനിടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വടക്കേ അമേരിക്കയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണശേഖരം മാറ്റി നെതര്‍ലാന്‍ഡ്‌സ് സെന്‍ട്രല്‍ ബാങ്ക് (ഡിഎന്‍ബി). ന്യൂയോര്‍ക്കിലെയും കാനഡയിലെ ഓട്ടവയിലെയും വോള്‍ട്ടുകളില്‍ നിന്ന് 86 മെട്രിക് ടണ്ണോളം വരുന്ന കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള സ്വര്‍ണ്ണമാണ് ലണ്ടനിലേക്ക് മാറ്റിയത്. അടിയന്തിര പ്രതിസന്ധികളെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ ഭാഗമായാണ് ഈ നിര്‍ണായക നീക്കമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയിലാണ് ഈ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ന്യൂയോര്‍ക്കിലും ഓട്ടവയിലും സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണശേഖരത്തിന്റെ അനുപാതം 18.5 ശതമാനമായി കുറഞ്ഞു. നിലവില്‍ 612.4 മെട്രിക് ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് ഡച്ച് ബാങ്കിനുള്ളത്. സ്വര്‍ണ്ണശേഖരത്തിന്റെ കൈമാറ്റക്ഷമതയും വ്യാപാര സാധ്യതകളും വര്‍ധിപ്പിക്കാനാണ് ഈ മാറ്റമെന്നും, ഏത് പ്രതിസന്ധിയെയും പ്രതിരോധിക്കാന്‍ ബാങ്ക് സജ്ജമാണെന്നും ഡച്ച് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഒലാഫ് സ്ലീപെന്‍ വ്യക്തമാക്കി.
