ടെഹ്റാന്: തെക്കന്‍ ഇറാനിലെ കുഹെസ്തക്കില്‍ വിവാഹച്ചടങ്ങിനിടെ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ICC) അന്വേഷണം ആവശ്യപ്പെട്ട് ഇറാന് റെഡ് ക്രസന്റ് സൊസൈറ്റി. ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെടുകയും 67 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സാധാരണക്കാര്‍ ഒത്തുചേര്‍ന്ന ചടങ്ങിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് ഐസിസിക്ക് അയച്ച കത്തില്‍ സംഘടന വ്യക്തമാക്കി.

അതേസമയം, സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്ന് വ്യക്തമാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും, ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടന്ന മുന്‍കാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന് വിദേശകാര്യ മന്ത്രാലയം ഈ വാദം തള്ളി. സമീപകാലത്തെ യുഎസ് ആക്രമണങ്ങളില്‍ മിനാബിലെ പ്രാഥമിക വിദ്യാലയത്തില്‍ 120 കുട്ടികളടക്കം 156 പേരും, ലാമെര്‍ഡിലെ സ്പോര്‍ട്സ് ഹാളില്‍ നാല് കുട്ടികളടക്കം 21 പേരും കൊല്ലപ്പെട്ടിരുന്നു. രണ്ട് ഘട്ടങ്ങളിലായി നടന്ന യുഎസ്-ഇറാന് സംഘര്‍ഷത്തില്‍ ഇതിനകം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
