വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പ്ലാറ്റ്ഫോമുകള് ഒരേസമയം പ്രവര്‍ത്തനരഹിതമായി. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി (ChatGPT), ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ (Claude AI), ഇലോണ്‍ മസ്കിന്റെ ഗ്രോക്ക് (Grok) എന്നിവയുടെ സേവനങ്ങളാണ് വ്യാഴാഴ്ച സാങ്കേതിക തകരാറുകള്‍ മൂലം തടസപ്പെട്ടത്. പ്രമുഖ സര്‍വീസ് ട്രാക്കിങ് വെബ്സൈറ്റായ ‘ഡൗണ്‍ ഡിറ്റക്ടര്‍’ ആണ് ഈ വിവരം പുറത്തുവിട്ടത്. ഗൂഗിളിന്റെ ജെമിനി (Gemini) സേവനങ്ങളിലും ചില ഉപയോക്താക്കള്‍ തടസങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം മുതലാണ് വെബ് ഇന്റര്‍ഫേസിലും മൊബൈല്‍ ആപ്പുകളിലും പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. മെസേജുകള്‍ അയക്കുമ്പോള്‍ റൂട്ടിങ് എററുകള്‍, നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍, സര്‍വര്‍ കണക്ഷന് എററുകള്‍ എന്നിവയാണ് പ്രധാനമായും നേരിടുന്നത്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉപയോക്താക്കള്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.
