നോവസ്‌കോഷ: നോവസ്‌കോഷയിലുള്ള ലൂനന്‍ബര്‍ഗില്‍ അണക്കെട്ടില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് കുടിവെള്ള ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പ്രദേശവാസികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. പട്ടണത്തിലെ കുടിവെള്ള സ്രോതസ്സായ ഡെയര്‍സ് തടാകം (Dares Lake) ഡാമിലാണ് വിള്ളല്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ അടിയന്തര രക്ഷാസേനയും എന്‍ജിനീയര്‍മാരും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. രാത്രിയില്‍ സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവെച്ച അറ്റകുറ്റപ്പണികള്‍ വ്യാഴാഴ്ച രാവിലെയോടെ പുനരാരംഭിച്ചിട്ടുണ്ട്.
അണക്കെട്ടിലെ വിള്ളല്‍ കുടിവെള്ള വിതരണ സംവിധാനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, അതിനാല്‍ കുടിക്കാനും പാചകത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും മാത്രമായി വെള്ളം ഉപയോഗിക്കണമെന്നും ലൂനന്‍ബര്‍ഗ് റീജിയണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഓര്‍ഗനൈസേഷന്‍ (REMO) അറിയിച്ചു.

ജനങ്ങള്‍ക്ക് ഉടനടി മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെങ്കിലും ദുരന്തനിവാരണ സേന പ്രവര്‍ത്തിക്കുന്ന ഡെയര്‍സ് തടാക പരിസരത്തേക്ക് പൊതുജനങ്ങള്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംഭവത്തെ തുടര്‍ന്ന് ബ്ലൂനോസ് അക്കാദമി വ്യാഴാഴ്ച അടച്ചിടുകയും ലൂനന്‍ബര്‍ഗ് ഫാര്‍മേഴ്സ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി ബ്ലോക്ക്ഹൗസ് ഫയര്‍ ഹാളിലേക്ക് മാറ്റുകയും ചെയ്തു.
