ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കി മാറ്റാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്. രാജ്യത്തെ ജനങ്ങൾ നേരിടുന്ന വിലക്കയറ്റത്തിനും ഇന്ധനവില വർധനയ്ക്കും പരിഹാരം കാണുകയാണ് വേണ്ടതെന്നും പേരുമാറ്റമല്ലെന്നും സാൻഡേഴ്സ് പറഞ്ഞു.
ഇറാനിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് ഒരു ‘ഭ്രാന്തൻ രാജാവിനെ’ പോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും സാൻഡേഴ്സ് ആവശ്യപ്പെട്ടു. യുദ്ധത്തെ തുടർന്ന് അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുകയാണെന്നും ഇത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പിന് മറുപടിയായാണ് സാൻഡേഴ്സ് വിമർശനം ഉന്നയിച്ചത്. ഹോർമുസ് കടലിടുക്കിന് ട്രംപിന്റെ പേര് നൽകുന്നതിന് പകരം, സാമ്പത്തിക ഭാരം സൃഷ്ടിക്കുന്ന യുദ്ധം അവസാനിപ്പിക്കുകയാണ് അമേരിക്കൻ ജനതയ്ക്ക് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎസ്–ഇറാൻ സംഘർഷം രൂക്ഷമായതോടെ അമേരിക്കയിൽ ഡീസൽ വില ഗാലണിന് 5.69 ഡോളറായും പെട്രോൾ വില 4.12 ഡോളറായും ഉയർന്നതായി സാൻഡേഴ്സ് പറഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായാണ് ട്രംപ് പ്രവർത്തിക്കേണ്ടതെന്നും ‘ഭ്രാന്തനായ രാജാവിനെ’ പോലെയല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹോർമുസ് കടലിടുക്ക് നിലവിൽ യുഎസിന്റെ പൂർണ നിയന്ത്രണത്തിലാണെന്നും അതിനാൽ കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ഇതിനിടെ, ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ സൈനിക നടപടി അധികകാലം നീണ്ടുനിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ധാരണാപത്രം കാലഹരണപ്പെട്ടതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കിയിട്ടുണ്ട്.
