വാഷിങ്ടൺ: അമേരിക്കൻ വനിതാ വിമോചന പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയും പ്രമുഖ ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ ഗ്ലോറിയ മേരി സ്റ്റെയ്‌നം അന്തരിച്ചു.92 വയസായിരുന്നു. ന്യൂയോർക്കിലെ വസതിയിൽ സെപ്റ്റംബർ രണ്ടിനായിരുന്നു അന്ത്യം.
1960കളിലും 70കളിലും ശക്തമായ രണ്ടാം തരംഗ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു സ്റ്റെയ്‌നം. മാധ്യമപ്രവർത്തകയായി കരിയർ ആരംഭിച്ച അവർ 1972ൽ പ്രമുഖ ഫെമിനിസ്റ്റ് പ്രസിദ്ധീകരണമായ Ms. Magazine സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ലെറ്റി കോട്ടിൻ പോഗ്രെബിൻ, മേരി തോം, പട്രീഷ്യ കാർബൈൻ, ജോവാൻ എഡ്ഗർ, നീന ഫിങ്കൽസ്റ്റൈൻ, ഡൊറോത്തി പിറ്റ്മാൻ ഹ്യൂസ്, മേരി പീക്കോക്ക് എന്നിവരോടൊപ്പമാണ് സ്റ്റെയ്‌നം Ms. Magazine ആരംഭിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളെ പൊതുചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രസിദ്ധീകരണം വലിയ പങ്കുവഹിച്ചു.
‘പുരുഷന്മാർക്ക് ആർത്തവമുണ്ടായിരുന്നെങ്കിൽ’
Ms. Magazineൽ പ്രസിദ്ധീകരിച്ച ‘If Men Could Menstruate’ എന്ന ആക്ഷേപഹാസ്യ ലേഖനത്തിലൂടെയും സ്റ്റെയ്‌നം അന്താരാഷ്ട്ര ശ്രദ്ധ നേടി. പുരുഷന്മാർക്കാണ് ആർത്തവം ഉണ്ടായിരുന്നതെങ്കിൽ സമൂഹവും രാഷ്ട്രീയവും അതിനെ എങ്ങനെ സമീപിക്കുമെന്ന സങ്കൽപ്പത്തിലൂടെ സ്ത്രീകളുടെ അനുഭവങ്ങളോടുള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ വിമർശിക്കുന്നതായിരുന്നു ലേഖനം.
സ്ത്രീകളുടെ ശരീരത്തെയും പ്രത്യുൽപ്പാദന അവകാശങ്ങളെയും നിയന്ത്രിക്കുന്ന സാമൂഹിക-രാഷ്ട്രീയ സമീപനങ്ങളെ ചോദ്യം ചെയ്ത സ്റ്റെയ്‌നത്തിന്റെ രചനകൾ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ വലിയ സ്വാധീനം ചെലുത്തി.

മാധ്യമപ്രവർത്തനത്തിലൂടെയും പോരാട്ടം
1972ൽ നാഷണൽ പ്രസ് ക്ലബ്ബിൽ പ്രസംഗിച്ച ആദ്യ വനിതയായി സ്റ്റെയ്‌നം ചരിത്രം കുറിച്ചു. ന്യൂയോർക്ക് മാഗസിനിലും അവർ കോളമിസ്റ്റായി പ്രവർത്തിച്ചു.
1963ൽ പ്ലേബോയ് ക്ലബ്ബിൽ രഹസ്യമായി ജോലി ചെയ്ത് അവിടത്തെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകൾ നേരിട്ടിരുന്ന വിവേചനവും മോശം തൊഴിൽ സാഹചര്യങ്ങളും റിപ്പോർട്ടിലൂടെ അവർ പുറത്തുകൊണ്ടുവന്നു.
പ്രത്യുൽപ്പാദന അവകാശങ്ങൾക്കായും സ്റ്റെയ്‌നം ശക്തമായി ശബ്ദമുയർത്തി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ പ്രക്ഷോഭത്തിലും അവർ സജീവമായി പങ്കെടുത്തു. 1984ൽ പ്രതിഷേധത്തിനിടെ അറസ്റ്റിലാവുകയും ചെയ്തു.
ഗാന്ധിയൻ ആശയങ്ങളോട് അടുപ്പം
ഗാന്ധിയൻ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന സ്റ്റെയ്‌നം കോളജ് പഠനത്തിന് ശേഷം രണ്ട് വർഷത്തോളം ഇന്ത്യയിൽ ചെലവഴിച്ചിരുന്നു. ഇന്ത്യയിലെ അനുഭവങ്ങൾ തന്റെ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വാധീനിച്ചതായി അവർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിനുള്ള അംഗീകാരമായി 2013ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി സ്റ്റെയ്‌നത്തെ ആദരിച്ചു.
വനിതാ വിമോചന പ്രസ്ഥാനത്തിന് ശക്തമായ ആശയങ്ങളും ശബ്ദവും നൽകിയ സ്റ്റെയ്‌നത്തിന്റെ വിയോഗം അമേരിക്കൻ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.
