ഡൽഹി: കുറ്റകൃത്യം നടന്ന സമയത്ത് പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് 21 വർഷം പഴക്കമുള്ള കേസിലെ ശിക്ഷ റദ്ദാക്കി സുപ്രീംകോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കോടതി, ഗുരുതരമായ അനീതിക്ക് കാരണമാകുന്ന പിഴവ് തിരുത്തുന്നതിനുള്ള അധികാരം ഹൈക്കോടതികൾ വിനിയോഗിക്കണമെന്നും നിർദേശിച്ചു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും ശ്രീ ചന്ദ്രശേഖറും അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കുറ്റകൃത്യം നടന്ന സമയത്തെ പ്രായമാണ് പരിഗണിക്കേണ്ടതെന്നും, കേസ് അവസാനിച്ചതിന് ശേഷവും ഒരു വ്യക്തിക്ക് താൻ ജുവനൈൽ ആയിരുന്നുവെന്ന വാദം ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2004ലെ കേസിൽ മൂന്ന് വർഷം തടവ്
2004 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ മൊറേനയിൽ റെയിൽവേ പാളത്തിൽ ഭൂരിയെന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെ കൊലപാതകം, സ്ത്രീധനമരണം എന്നീ കുറ്റങ്ങളിൽ നിന്ന് പ്രതികളെ വിചാരണക്കോടതി വിട്ടയച്ചു. എന്നാൽ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് മഹാവീർ ഉൾപ്പെടെയുള്ള പ്രതികൾക്ക് മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ചു. 2017ൽ മധ്യപ്രദേശ് ഹൈക്കോടതിയും ഈ ശിക്ഷ ശരിവെച്ചു.
17 വയസ്സുകാരനായിരുന്നെന്ന് കണ്ടെത്തൽ
തുടർന്ന്, കുറ്റകൃത്യം നടന്ന സമയത്ത് തനിക്ക് 17 വയസ്സും രണ്ട് മാസവും മാത്രമായിരുന്നുവെന്നും അതിനാൽ താൻ ജുവനൈൽ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി മഹാവീർ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മൊറേന ജുവനൈൽ ജസ്റ്റിസ് ബോർഡ് രേഖകൾ പരിശോധിക്കുകയും സംഭവസമയത്ത് മഹാവീർ പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ, കേസിൽ നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചതിനാൽ ശിക്ഷ അന്തിമമായെന്നും ഇനി വിധി പുനഃപരിശോധിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
സാങ്കേതികതയുടെ പേരിൽ നീതി നിഷേധിക്കരുത്
ഹൈക്കോടതിയുടെ നിലപാട് സുപ്രീംകോടതി തള്ളി. കേസ് അന്തിമഘട്ടത്തിലെത്തിയ ശേഷവും ഒരു പ്രതിക്ക് താൻ കുറ്റകൃത്യം നടന്ന സമയത്ത് ജുവനൈൽ ആയിരുന്നുവെന്ന വാദം ഉന്നയിക്കാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി.
സാങ്കേതികതയുടെ പേരിൽ ഒരാൾക്കും നീതി നിഷേധിക്കപ്പെടരുതെന്നും നിയമനടപടികൾ നീതി നടപ്പാക്കുന്നതിനുള്ള മാർഗമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കൊലപാതകവും സ്ത്രീധനപീഡനവും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രം ചുമത്തി മഹാവീറിനെ ശിക്ഷിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
തുടർന്ന് മഹാവീറിന്റെ ശിക്ഷ പൂർണമായി റദ്ദാക്കി കേസിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഗുരുതരമായ അനീതിക്ക് കാരണമാകുന്ന പിഴവുകൾ തിരുത്തുന്നതിനുള്ള അധികാരം ആവശ്യമായ സാഹചര്യങ്ങളിൽ ഹൈക്കോടതികൾ വിനിയോഗിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
