അറ്റലാന്റിക്: മാരിടൈം പ്രവിശ്യകളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റും. കേപ് ബ്രെറ്റണ്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്‍വെര്‍നെസ്, റിച്ച്മണ്ട്, വിക്ടോറിയ എന്നീ കൗണ്ടികളിലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ അടിയന്തരാവസ്ഥ നിലവില്‍ വന്നത്. വെള്ളപ്പൊക്കത്തില്‍ നിരവധി റോഡുകള്‍ തകരുകയും വെള്ളത്തിനടിയിലാവുകയും ചെയ്ത സാഹചര്യത്തില്‍, അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേപ് ബ്രെറ്റണില്‍ ഓറഞ്ച് അലേര്‍ട്ടും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ മഞ്ഞ അലേര്‍ട്ടും നിലവിലുണ്ട്. വരും മണിക്കൂറുകളില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. മഴയ്ക്കൊപ്പം ഉയര്‍ന്ന കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം വുഡ് ഐലന്‍ഡ്സ്, കരിബൗ, യാര്‍മൗത്ത്, ബാര്‍ ഹാര്‍ബര്‍ എന്നിവടങ്ങളിലേക്കുള്ള ഫെറി സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കി. ലോക്കല്‍ ബസ് സര്‍വീസുകളും പലയിടത്തും വഴിതിരിച്ചുവിട്ടു.

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് വിതരണ ലൈനുകള്‍ തകരാറിലായതോടെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായി. നോവ സ്കോട്ടിയ പവര്‍ കമ്പനിയുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. പ്രളയം മൂലം റോഡുകള്‍ തകര്‍ന്നത് തകരാറുകള്‍ പരിഹരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
