തൃശൂർ: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരെ റിമാൻഡ് ചെയ്തു. ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ വീട്ടിൽ അജിത്ത്, പൊലിയത്ത് വീട്ടിൽ ഡാനിഷ്, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കുന്നംകുളത്തെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം അമിതവേഗത്തിൽ പോയ കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ കാർ ഡ്രൈവർ ബെനിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അമിതവേഗത്തിലെത്തിയ കാർ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ച കാർ പിന്നീട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു.
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അപകടത്തിൽ ബൈക്ക് യാത്രികരായ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസുള്ള മകൻ എമിൽ എന്നിവരാണ് മരിച്ചത്.
