കണ്ണൂർ: പ്രിയ വർഗീസ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിന് പിന്നാലെ കണ്ണൂർ സർവകലാശാലയിൽ നിർണായക നീക്കം. കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കിനിൽക്കെ സർവകലാശാല രജിസ്ട്രാർ ജോബി കെ ജോസിനെ മാറ്റാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
സിൻഡിക്കേറ്റ് യോഗത്തിന്റെ സാധാരണ അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് വിഷയം പ്രത്യേക അജണ്ടയായി പരിഗണിച്ച് രജിസ്ട്രാറെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിലും ഡിവിഷൻ ബെഞ്ചിലും നിയമനം ശരിവെച്ച് സർവകലാശാലയ്ക്കുവേണ്ടി സത്യവാങ്മൂലം നൽകിയത് ജോബി ജോസായിരുന്നു.
അതേസമയം, കേസിൽ നേരത്തെ സർവകലാശാലയ്ക്കുവേണ്ടി ഹാജരായിരുന്ന സ്റ്റാൻഡിങ് കൗൺസിൽ അഭിഭാഷകനെ സർവകലാശാല മാറ്റിയിരുന്നു. പുതിയ യുഡിഎഫ് സർക്കാർ പ്രിയ വർഗീസിന്റെ നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അഭിഭാഷകനെ മാറ്റിയതെന്നാണ് വിലയിരുത്തൽ.

അഭിഭാഷകനെ മാറ്റിയതിന് പിന്നാലെ സുപ്രീംകോടതിയിൽ സർവകലാശാലയുടെ പുതിയ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകേണ്ട സാഹചര്യമുണ്ട്. എന്നാൽ പ്രിയ വർഗീസിന്റെ നിയമനത്തെ അനുകൂലിച്ച നിലപാടാണ് രജിസ്ട്രാർ ജോബി ജോസും നേരത്തെ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായ സത്യവാങ്മൂലം നൽകുന്നതിന്റെ ഭാഗമായാണ് രജിസ്ട്രാറെ മാറ്റാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.
ഇടതുപക്ഷ അംഗങ്ങളുടെ സാന്നിധ്യമില്ലാത്ത കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്റെ ഏകപക്ഷീയമായ തീരുമാനമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി സെപ്റ്റംബർ 23-ലേക്ക് മാറ്റിയിരിക്കുകയാണ്. കേസിലെ സർവകലാശാലയുടെ നിലപാട് നിർണായകമാകുന്ന സാഹചര്യത്തിലാണ് രജിസ്ട്രാറെ മാറ്റാനുള്ള തീരുമാനം ശ്രദ്ധ നേടുന്നത്.
