ടൊറന്റോ: നഗരത്തിലെ തിരക്കേറിയ സബ്‌വേ ശൃംഖലയായ ലൈൻ 2 (ബ്ലൂർ-ഡാൻഫോർത്ത്) മെട്രോ സർവീസ് ഭാഗികമായി നിർത്തിവെച്ചു. ട്രാക്ക് ലെവലിൽ ഒരാൾക്ക് പരുക്കേറ്റതിനെ തുടർന്നാണ് സർവീസ് തടസ്സപ്പെട്ടത്.ഇന്ന് രാവിലെ മുതലാണ് സർവീസ് തടസ്സപ്പെട്ടതെന്ന് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ (TTC) അറിയിച്ചു.
ഓസിംഗ്ടൺ (Ossington) സ്റ്റേഷൻ മുതൽ സെന്റ് ജോർജ് (St. George) സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലാണ് സർവീസ് പൂർണ്ണമായും നിലച്ചിരിക്കുന്നത്. സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്ന് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ (TTC) ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരുടെ സൗകര്യത്തിനായി സർവീസ് നിർത്തിവെച്ച സ്റ്റേഷനുകൾക്കിടയിൽ ഷട്ടിൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ബസുകൾക്കായി വലിയ ക്യൂവാണ് സ്റ്റേഷനുകൾക്ക് പുറത്ത് അനുഭവപ്പെടുന്നത്.

ലൈൻ 2-ന്റെ ബാക്കി ഭാഗങ്ങളിൽ ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ടെങ്കിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാവിലെ ലൈൻ 6-ലും സിഗ്നൽ തകരാർ മൂലം തടസ്സങ്ങൾ നേരിട്ടിരുന്നു.
ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന സമയത്തുണ്ടായ ഈ തടസ്സം ടൊറന്റോയിലെ ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. ട്രാക്കിലെ പരിശോധനകൾ പൂർത്തിയാക്കി സർവീസ് എത്രയും വേഗം സാധാരണ നിലയിലാക്കുമെന്ന് ടിടിസി അധികൃതർ വ്യക്തമാക്കി. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ മറ്റ് ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
