ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ബ്രിക്സ് രൂപീകരിച്ച് രണ്ട് പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് ഉച്ചകോടിയുടെ ആദ്യ സെഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്രിക്സിനുള്ളിലെ ഐക്യവും സമവായവും ആഗോളതലത്തിൽ ഗുണകരമായ ഫലങ്ങളാക്കി മാറ്റേണ്ട സമയമാണിതെന്നും എല്ലാവരെയും ഒപ്പം ചേർത്ത് മുന്നോട്ടുപോകുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
മനുഷ്യകേന്ദ്രീകൃത വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സ് ആരെയും എതിരിടാനുള്ള കൂട്ടായ്മയല്ലെന്നും പുതിയ തുടക്കത്തിനാണ് ഉച്ചകോടി വഴിയൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്ക് മുന്നോടിയായി 25 നഗരങ്ങളിലായി 350 അനുബന്ധ യോഗങ്ങൾ സംഘടിപ്പിച്ചതായും മോദി പറഞ്ഞു.
യുഎൻ രക്ഷാസമിതി പരിഷ്കരണത്തിന് ഊന്നൽ
ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി കാലാനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി വീണ്ടും ഉന്നയിച്ചു. ആഗോള സാമ്പത്തിക സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സമവായവും ആഗോളവേദിയിൽ പ്രകടമാക്കണമെന്നും മോദി പറഞ്ഞു. പരസ്പര വീക്ഷണങ്ങളെ ബഹുമാനിച്ചും സമവായത്തിലൂടെയുമാണ് ബ്രിക്സ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കും ബ്രസീലിനും സ്ഥിരാംഗത്വത്തിന് പിന്തുണ
ഉച്ചകോടിയുടെ ഭാഗമായി ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ദീർഘനേരം നീണ്ട ചർച്ചകൾക്കൊടുവിലാണ് പ്രസ്താവനയിൽ അംഗരാജ്യങ്ങൾ സമവായത്തിലെത്തിയത്.
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് ചൈനയും റഷ്യയും പിന്തുണ ആവർത്തിച്ചു. അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് തുടങ്ങിയ ആഗോള സാമ്പത്തിക സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങളുടെ വോട്ടിങ് വിഹിതവും പ്രാതിനിധ്യവും വർധിപ്പിക്കുന്നതിനുള്ള ക്വാട്ട പരിഷ്കാരങ്ങൾക്കും സംയുക്ത പ്രസ്താവനയിൽ ഊന്നൽ നൽകി.

WTO പരിഷ്കരണത്തിനും പ്രാദേശിക കറൻസികൾക്കും പിന്തുണ
ലോക വ്യാപാര സംഘടനയുടെ (WTO) തർക്കപരിഹാര സംവിധാനം പൂർണതോതിൽ പുനഃസ്ഥാപിക്കണമെന്നും ബ്രിക്സ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. കൂട്ടായ്മയ്ക്കുള്ളിലെ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ധാരണയായി.
അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ (BPTF) പ്രവർത്തനം ശക്തമാക്കാനും തീരുമാനമായി.
പഹൽഗാം ആക്രമണത്തെ അപലപിച്ചു
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും സംയുക്ത പ്രസ്താവന അപലപിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ രാജ്യങ്ങൾ സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ ശക്തമാക്കണമെന്നും ഗസ്സ മുനമ്പിൽ നിന്ന് പലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും ബ്രിക്സ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ആണവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും സംയുക്ത പ്രസ്താവനയിൽ അംഗരാജ്യങ്ങൾ ആവർത്തിച്ചു.
